കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'ഹൃദയം' ത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജനുവരി 21ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്നൊരു എന്റർടെയ്‌നറാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന ഉറപ്പ്.

കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണിത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്.



വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താര സുരേഷാണ്. നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിർമ്മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ 'ഹൃദയ'ത്തിലെ ഗാനങ്ങൾ വൻ ഹിറ്റായിരുന്നു.