ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വീണ്ടും ചൈനീസ് സൈന്യത്തിന്റെ പ്രകോപനം. പ്രദേശവാസിയായ 17 വയസുകാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി. ഇരുരാജ്യങ്ങളും തമ്മിൽ സൈനികതല ചർച്ചകൾ നടക്കുന്നതിനിടെയാണ് അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്.

ഇന്ത്യക്കാരായ രണ്ടു പൗരന്മാരേയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നുള്ള മിറാം തരോൺ, ജോണി യായൽ എന്നിവരെയാണ് ചൈനീസ് സൈനികർ തട്ടിക്കൊണ്ടു പോയത്. ഇരുവരും പ്രദേശത്ത് നായാട്ടിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് സംഭവം

ഇതിൽ ജോണി യായൽ ചൈനീസ് സൈന്യത്തിൽ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരവും മിറാം തരോൺ ചൈനീസ് സൈനികരുടെ തടവിലാണെന്നും പുറംലോകം അറിഞ്ഞത്.

മിറാം തരോണിനെ തിരികെയെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള ലോക്‌സഭാഗം താപിർ ഗാവോ ആവശ്യപ്പെട്ടു. യുവാവിനെ തിരികെയെത്തിക്കാനുള്ള നടപടികളും സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചതായാണ് വിവരം. പൊലീസ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു.