റായ്ബറേലി: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് വെറും മൂന്നാഴ്ച മാത്രം ശേഷിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് തട്ടകമായ റായ്ബറേലിയിൽ നിന്നുള്ള എംഎ‍ൽഎ അതിഥി സിങ് ഫെബ്രുവരിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയിൽ നിന്നുള്ള എംഎ‍ൽഎ അതിഥി സിംഗിന്റെ സ്ഥാനാർത്ഥിത്വം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് വലിയ ക്ഷീണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തന്റെ രാജിക്കത്ത് അതിഥി സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് രാജിക്കത്ത് നൽകിയത്. രണ്ട് മാസം മുമ്പ് തന്നെ, 2021 നവംബറിൽ, അതിഥി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. രാജിക്കത്ത് നൽകിയതിലൂടെ തന്റെ പാർട്ടിമാറ്റം ഔദ്യോഗികമാക്കിയിരിക്കുകയാണ് അതിഥി. ഇതിന്റെ പകർപ്പുകൾ തന്റെ ട്വിറ്റർ പേജ് വഴിയും പങ്കുവെച്ചിട്ടുണ്ട്.

പാർട്ടി വിടുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് നേതൃത്വത്തെ അതിഥി നിരന്തരം വിമർശിച്ചിരുന്നു. കോൺഗ്രസ് പാർട്ടി അംഗം എന്ന നിലയിലും എംഎ‍ൽഎ എന്ന നിലയിലും താൻ രാജിവെക്കുന്നതായി പറഞ്ഞ് രണ്ട് വ്യത്യസ്ത രാജിക്കത്തുകൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും യു.പി നിയമസഭാ സ്പീക്കർക്കും അതിഥി അയച്ചിട്ടുണ്ട്.

ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അതിഥി നേരത്തെ ചർച്ച നടത്തുകയും യോദിയെ പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളിൽ അതിഥി നേരത്തെ ബിജെപിയുടെ കേന്ദ്രസർക്കാരിനെ പിന്തുണച്ചിരുന്നു