പനജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 34 മണ്ഡലങ്ങളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിന് പാർട്ടി ടിക്കറ്റില്ല. സംഭവത്തിൽ തന്റെ നിലപാട് വൈകാതെ വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ബാബുഷ് മൊൺസ്രാട്ട് പനാജി മണ്ഡലത്തിൽനിന്ന് മത്സരിക്കും.

ഉത്പൽ പരീക്കർ മത്സരിക്കുകയാണെങ്കിൽ ബിജെപി ഇതര കക്ഷികളെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ ഗോവയിലെ പ്രധാനമുഖമായിരുന്ന പരീക്കറിനു നൽകുന്ന 'ശരിയായ ആദരമാകും' അതെന്നും റാവുത്ത് വ്യക്തമാക്കിയിരുന്നു.

പരീക്കർ മത്സരിച്ച സീറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ വരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഉത്പൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പനജിയിൽനിന്ന് മനോഹർ പരീക്കർ അഞ്ചു വട്ടം നിയമസഭയിലെത്തിയിട്ടുണ്ട്. 2019ലാണ് അദ്ദേഹം അന്തരിച്ചത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അതനാസിയോ ബാബുഷ് മൊൻസരാറ്റെ വിജയിച്ചെങ്കിലും പിന്നീട് ബിജെപിയിലേക്കു മാറുകയായിരുന്നു.

മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിറ്റിങ് സീറ്റായ സാൻക്വിലിനിൽ നിന്നുതന്നെ ജനവിധി തേടും. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ ഒമ്പത് പേർ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണ്. മാൻഡറിമിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറിനും പട്ടികയിൽ ഇടമില്ല.

കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച് ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎൽഎ ദയാനന്ദ് സോപ്‌തെയ്ക്ക് തന്നെയാണ് ബിജെപി ടിക്കറ്റ് നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായിരുന്ന പർസേക്കറിനെ പരാജയപ്പെടുത്തിയ ദയാനന്ദ് സോപ്‌തെ പരീക്കർ സർക്കാർ അധികാരത്തിലെത്തി വൈകാതെ ബിജെപിയിൽ ചേരുകയായിരുന്നു

കോൺഗ്രസ് എംഎൽഎ പ്രതാപ് സിങ് റാണയുടെ മകൾക്കും ബിജെപി ടിക്കറ്റ് നൽകി. പ്രതാപ് സിങ് റാണയുടെ സിറ്റിങ് സീറ്റായ പൊരിമിൽ നിന്ന് മകൾ ദിവ്യ വിശ്വജിത് റാണെ മത്സരിക്കും. പ്രതാപ് സിങ് റാണെക്ക് ബിജെപി നേരത്തെ ആജീവനാന്ത കാബിനറ്റ് പദവി നൽകിയിരുന്നു.

മന്ത്രിമാരായ ഫിലിപ്പ് റോഡ്രിഗസിനേയും ദീപക്ക് പ്രഭുവിനേയും ഇത്തവണ പാർട്ടി തഴഞ്ഞു. സിറ്റിങ് എംഎൽഎയായ ഇസിഡോർ ഫെർണാണ്ടസിനും പട്ടികയിൽ ഇടമില്ല. ഉപമുഖ്യമന്ത്രി മനോഹർ ബാബു മാർഗോയിൽ നിന്നാണ് മത്സരിക്കുക.