- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപിയിൽ രാഷ്ട്രീയ ചുവടുമാറ്റം തുടരുന്നു; മുലായം സിങ് യാദവിന്റെ ഭാര്യാ സഹോദരനും ബിജെപിയിൽ; കോൺഗ്രസിന്റെ 'ലഡ്കി ഹും, ലഡ് സക്തി ഹും' ക്യാമ്പയിൻ 'നയിച്ച' പ്രിയങ്ക മൗര്യ ഇനി ബിജെപിയുടെ മുഖം
ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തർപ്രദേശിൽ രാഷ്ട്രീയ ചുവടുമാറ്റം ഏറുന്നു. ബിജെപി മന്ത്രിമാരും എംഎൽഎമാരും പാർട്ടി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നതിന്റെ അലയൊലികൾ അടങ്ങുംമുമ്പെ എസ് പിയിൽ നിന്നും കോൺഗ്രസിൽ നിന്നും പ്രമുഖരെ അടർത്തിയെടുത്ത് കരുത്ത് തെളിയിക്കുകയാണ് ബിജെപി നേതൃത്വം.
സമാജ് വാദി പാർട്ടിയിൽനിന്നും കോൺഗ്രസിൽനിന്നും ഓരോ പ്രമുഖ നേതാക്കൾക്കൂടി വ്യാഴാഴ്ച ബിജെപിയിൽ ചേർന്നു. മുലായം സിങ് യാദവിന്റെ ഭാര്യാ സഹോദരനും മുൻ സമാജ് വാദി പാർട്ടി എംഎൽഎയുമായ പ്രമോദ് ഗുപ്തയും മുൻ കോൺഗ്രസ് നേതാവ് പ്രിയങ്ക മൗര്യയുമാണ് ബിജെപിയിൽ ചേർന്നത്.
റായ്ബറേലിയിലെ സിറ്റിങ് എംഎൽഎ അദിതി സിങ് ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഒരു കാലത്ത് സോണിയ ഗാന്ധിയുടെ കുടുംബ വിശ്വസ്തയായിരുന്ന അദിതി സിങ് കോൺഗ്രസിൽ നിന്നും രാജിവച്ചിരുന്നു.
സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനുമെതിരേ പ്രമോദ് യാദവ് അടുത്തിടെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കുറ്റവാളികളും ചൂതാട്ടക്കാരും പാർട്ടിയിൽ കടന്നുകൂടിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഉത്തർപ്രദേശിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിവന്ന 'ലഡ്കി ഹും, ലഡ് സക്തി ഹും' ക്യാമ്പയിന്റെ പ്രധാന മുഖമായിരുന്നു പ്രിയങ്ക മൗര്യ. നേരത്തെ മുതൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഏറെ സ്വാധീനിച്ചിരുന്നതായി ബിജെപിയിൽ ചേർന്നതിനു ശേഷം പ്രിയങ്ക മൗര്യ പറഞ്ഞു.
കഴിഞ്ഞ ദിവസം മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ ചേർന്നിരുന്നു. മൂന്ന് മന്ത്രിമാരും എംഎൽഎമാരും അടക്കം 11 പ്രമുഖ നേതാക്കൾ ബിജെപിയിൽനിന്ന് അടുത്തിടെ വിട്ടുപോയിരുന്നു. ഇവരിൽ ഏറെപ്പേരും സമാജ് വാദി പാർട്ടിയിൽ ചേരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമാജ് വാദി പാർട്ടിയിൽനിന്നും കോൺഗ്രസിൽനിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക്.
യുപിയിൽ 403 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളായാണ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന്, ഏഴ് എന്നിങ്ങനെയാണ് വോട്ടെടുപ്പ്. മാർച്ച് 10ന് ആണ് വോട്ടെണ്ണൽ.




