മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ ക്രൂരമായി മർദ്ദിച്ച മുൻ ഗ്രാമമുഖ്യനും ഭാര്യയും അറസ്റ്റിൽ. യുവതിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സത്താറ ജില്ലയിലാണ് സംഭവം.

വനംവകുപ്പിന് വേണ്ടി തൊഴിലാളികൾ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനത്തിന് കാരണം. ഫോറസ്റ്റ് റേഞ്ചറേയാണ് മുൻ ഗ്രാമമുഖ്യൻ ജങ്കാറും ഭാര്യ പ്രതിഭ ജങ്കാറും ചേർന്ന് മർദ്ദിച്ചത്. ഗർഭിണിയാണ് എന്നത് പോലും പരിഗണിക്കാതെ ക്രൂരമായാണ് ഇരുവരും ചേർന്ന് യുവതിയെ ആക്രമിച്ചത്.

വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ഭർത്താവാണ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഗ്രാമമുഖ്യനെ അറിയിക്കാതെ തൊഴിലാളികളെ മറ്റൊരു സൈറ്റിലേക്ക് ജോലിക്ക് വിട്ടതാണ് പ്രകോപനത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് ജങ്കാർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.തുടർന്ന് നടന്ന വാക്കുതർക്കത്തിന് പിന്നാലെയാണ് യുവതിയെയും ഭർത്താവിനെയും ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

മൂന്ന് മാസം ഗർഭിണിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥ. ഇത് പരിഗണിക്കാതെ യുവതിയെ ജങ്കാറും ഭാര്യയും ചേർന്ന് നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. മുടിയിൽ പിടിച്ച് വലിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.