- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രവീന്ദ്രൻ പട്ടയം റദ്ദാക്കിയത് അർഹരായവർക്ക് സാധുതയുള്ളത് നൽകാൻ; ആരെയും കുടിയിറക്കില്ല; കഴിഞ്ഞ സർക്കാർ എടുത്ത തീരുമാനം; മൂന്നാറിലെ സിപിഎം ഓഫീസിന് അർഹതയുണ്ടാകും; അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല; പട്ടയ വിവാദത്തിൽ പ്രതികരിച്ച് റവന്യു മന്ത്രി
തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം ആരേയും കുടിയിറക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് വ്യക്തമാക്കി റവന്യൂമന്ത്രി കെ. രാജൻ. രവീന്ദ്രൻ പട്ടയങ്ങൾ തിരിച്ചുവാങ്ങി അർഹരായവർക്ക് സാധുതയുള്ള പുതിയ പട്ടയങ്ങൾ നൽകുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നടപടികൾ 2019 ഓഗസ്റ്റിലെ മന്ത്രിസഭാ തീരുമാനത്തെ തുടർന്നുള്ളതാണ്. പട്ടയം റദ്ദാക്കുമ്പോൾ ആരെയും കുടിയിറക്കില്ല. അനുവദിച്ചതിൽ ചട്ടലംഘനമുള്ളതിനാലാണ് എല്ലാ പട്ടയങ്ങളും റദ്ദാക്കുന്നത്. അർഹരായവർക്കു പട്ടയം നൽകാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഒരാളെയും കുടിയിറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. രണ്ടു മാസത്തിനകം പുതിയ പട്ടയം നൽകുമെന്നും മന്ത്രി പറഞ്ഞു.
രവീന്ദ്രൻ പട്ടയം കൈവശം വെച്ചതുകൊണ്ട് ആർക്കും ഒരുകാര്യവുമില്ല. നിയമസാധുതയില്ലാത്തതിനാൽ ബാങ്കിൽ നിന്ന് വായ്പയെടുക്കാനും മറ്റും ആളുകൾ വലഞ്ഞിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് അർഹാരയവർക്ക് സാധുതയുള്ള പട്ടയം നൽകുന്നതിനുള്ള നടപടികൾ 2019-ൽ ഇടതുമുന്നണി സർക്കാർ ആരംഭിച്ചത്. 532 പട്ടയങ്ങളാണ് റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സർക്കാർ എടുത്ത തീരുമാനമാണിത്. അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകും. അർഹതയില്ലാത്തത് റദ്ദാക്കും. മൂന്നാറിലെ സിപിഎം ഓഫീസിന് പട്ടയത്തിന് അർഹതയുള്ളതുകൊണ്ടാകും അത് പതിച്ചുകൊടുത്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. നേരത്തെ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചിട്ടുള്ളതാണ്. ഇതൊരു പുതിയ ഉത്തരവല്ല. നേരത്തെയുള്ള നടപടിക്രമങ്ങളുടെ തുടർച്ചയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു.
പട്ടയം നൽകിയതിൽ അധികാരികൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ പിഴവാണ്. ഇത് തിരുത്താനാണ് പുതിയ നീക്കം. 2019 ലാണ് അനർഹരെ ഒഴിവാക്കാൻ തീരുമാനിച്ചത്. 2019 ജൂൺ 17ന് എൽഡിഎഫ് യോഗം ചേർന്നു. അർഹരായവർക്ക് പട്ടയം ലഭിക്കണമെന്ന് നിഷ്‌കർഷിച്ചിരുന്നു. പതിച്ച് കൊടുക്കുന്ന സമയത്ത് അർഹതയുണ്ടായിരുന്നവർക്ക് പട്ടയം പുതുക്കി നൽകാൻ 2019 ഡിസംബറിൽ തീരുമാനിച്ചു. 33 പട്ടയങ്ങൾ നേരത്തെ റദ്ദാക്കി 28 പട്ടയങ്ങൾ വീണ്ടും അനുവദിക്കാൻ ദേവികുളം താലൂക്കിൽ നടപടി എടുത്തു. 532 രവീന്ദ്രൻ പട്ടയങ്ങൾ ആണുള്ളത്. രവീന്ദ്രന് പട്ടയം നൽകാൻ യാതൊരു അധികാരവുമില്ല എന്നും മന്ത്രി പറഞ്ഞു.
വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇടുക്കിയിലെ ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന എം.ഐ. രവീന്ദ്രൻ അധികാരപരിധി മറികടന്ന് അനധികൃതമായി നൽകിയ പട്ടയങ്ങളാണ് റദ്ദാക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകാണ് ഉത്തരവിറക്കിയത്.
ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.ഉത്തരവ് പ്രകാരം ഇടുക്കി ജില്ലാ കളക്ടർ നടപടി എടുക്കണം.
വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കാനും ഇതിൽ അർഹരായവർക്ക് 2 മാസത്തിനകം പുതിയ പട്ടയം അനുവദിക്കാനുമാണു സർക്കാർ തീരുമാനം.
ഇടുക്കി ദേവികുളം താലൂക്കിൽ 1999ൽ അഡീഷനൽ തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന എം.ഐ.രവീന്ദ്രൻ എന്ന ഡപ്യൂട്ടി തഹസിൽദാർ വ്യാപകമായി അനധികൃത പട്ടയങ്ങൾ അനുവദിച്ചതു കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ദേവികുളം താലൂക്കിലെ വിവിധ വില്ലേജുകളിലായി 530 ലേറെ പട്ടയങ്ങൾ രവീന്ദ്രൻ അനുവദിച്ചിട്ടുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയർന്ന പേരാണ് രവീന്ദ്രൻ പട്ടയങ്ങൾ. 1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഇറക്കിയ പട്ടയങ്ങൾ വൻവിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു പരാതി.
റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ്.
മറുനാടന് മലയാളി ബ്യൂറോ