കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി നൽകിയ പരാതിയിൽ കോടതി ഉത്തരവിട്ടു. ഡി.വൈ. എഫ്. ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജിർ, കല്യാശേരി ബ്ളോക്ക് പ്രസിഡന്റായ പി.പി ഷാജിർ, ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് , സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് ,തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്റെ പേഴ്സനൽ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, സി.പി. എം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഗൺമാൻ തുടങ്ങിയ കണ്ടാലറിയാവുന്നവർക്കെതിരെ അന്യായമായ തടഞ്ഞുവയ്ക്കൽ(341) കൈകൊണ്ടും കാലുകൊണ്ടും അടിച്ചു പരുക്കേൽപ്പിക്കൽ(323) അശ്ലീല ഭാഷയിൽ ചീത്തവിളിക്കൽ(294 ബി)മാരകായുധങ്ങൾ ഉപയോഗിച്ച് നരഹത്യാശ്രമം(308)ഭീഷണിപ്പെടുത്തൽ(506 ഒന്ന്) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കാൻ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്.

കണ്ണൂർ ടൗൺപൊലിസ് പൊലിസ് കേസെടുത്ത് അന്വേഷണം നടത്താൻ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നാണ് കോടതി ഉത്തരവിട്ടത്. വ്യാഴാഴ്‌ച്ച രാവിലെ കെ റെയിൽ വിശദീകരണ യോഗം നടന്ന ദിനേശ് ഓഡിറ്റോറിയത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെയാണ് ഡി.വൈ. എഫ്. ഐ പ്രവർത്തകർ അതിശക്തമായ അക്രമം അഴിച്ചുവിട്ടത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയടക്കം ആറുപേർക്ക് പരുക്കേറ്റു.

പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളെ ആശുപത്രിയിൽ ചികിൽസക്ക് പോലും വിധേയരാക്കാതെ പൊലീസ് റിമാൻഡു ചെയ്തുവെന്നും പരാതിയുണ്ട്. വ്യാഴാഴ്‌ച്ച രാവിലെ പതിനൊന്നുമണിയോടെ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗ നടക്കുന്നതിനിടയിലാണ് കെ റെയിൽ വേണ്ടേ വേണ്ടേ സർവ്വെ നടപടി നിർത്തിവെക്കുക, കമ്മീഷൻ അടിച്ചു മാറ്റാനുള്ള പദ്ധതി നിർത്തിവെക്കുക തുടങ്ങിയ മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത്.

പരിപാടി നടക്കുന്ന ദിനേശ് ഓഡിറ്റോറിയത്തിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ ഡി വൈ് എഫ് ഐ ജില്ലാ ജനറൽ സെക്രട്ടറി ഷാജിറിന്റെ നേതൃത്വത്തിലുള്ള ഡി.വൈ. എഫ്. ഐ നേതാക്കൾ കായികപരമായി നേരിടുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസുണ്ടായിട്ടും പൊലീസ് കണ്ടില്ലെന്ന് നടിക്കുകയും അക്രമികളിൽ നിന്നും അവരെ രക്ഷപ്പെടുത്താൻ പോലും ശ്രമിക്കാതെ കാഴ്ചക്കാരനാവുകയായിരുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി. ഇതിനിടെ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന ജയ്ഹിന്ദ് റിപ്പോർട്ടർ ധനിത്തിനെയും കാർഡ്രൈവർ മനീഷ് കൊറ്റാളിയെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.

പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്,സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാൻ, പ്രിനിൽ മതുക്കോത്ത്, യഹ്യയ പള്ളിപ്പറമ്പ് ജയ് ഹിന്ദ് ടി വി ഡ്രൈവർ മനീഷ് കൊറ്റാളിഎന്നിവരെ കോടതി പിന്നീട് റിമാൻഡ് ചെയ്തു.

പരിപാടി നടന്ന കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിനുള്ളിലേക്ക് പ്രവർത്തകർ കയറാൻ ശ്രമിച്ചപ്പോൾ ഇതു തടയാനായി മന്ത്രി എം വി ഗോവിന്ദൻ യോഗഹാളിലുണ്ടായിരുന്ന സിപിഎം നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നേതാക്കളായ പി.ജയരാജൻ എം വി ജയരാജൻ തുടങ്ങിയവർ ചേർന്ന് വാതിൽ അടച്ചു. പുറത്ത് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച തോടെയാണ് ഡിവൈഎഫ് ഐ നേതാവ് ഷാജിറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ ക്രൂരമായി മർദ്ദിച്ചത്.

സമര മുഖത്ത് നിന്നും കസ്റ്റഡിയിലെടുത്ത നേതാക്കളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. വിവരം അറിഞ്ഞ് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ഡിസിസി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ ടൗൺസ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും കസ്റ്റഡിയിലെടുത്ത നേതാക്കളെ പൊലിസ് റിമാൻഡ് ചെയ്യുകയായിരുന്നു.