തിരുവനന്തപുരം: കേരളത്തിലെ ഭൂരഹിതരോട് സർക്കാർ നടത്തുന്ന നിസ്സംഗത തുറന്നുകാട്ടുന്നതാണ് ചെങ്ങറ പാക്കേജിൽ ഉൾപെട്ടവർക്ക് ഭൂമി വിതരണം ചെയ്യാൻ സാധിക്കാത്ത വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. ഈ പരമാർശത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങറ സമരക്കാർക്ക് 2009 ഒക്ടോബറിലുണ്ടായ കരാറിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി ഭൂമി വിതരണം ചെയ്യണം. ചെങ്ങറ ഭൂസമരക്കാർ ഉൾപ്പെടെയുള്ള ഭൂരഹിതർക്ക് ഭൂമി നൽകാതെ വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന വിവിധ പദ്ധതികളിലേക്ക് നീങ്ങുന്നത് സർക്കാറിന് വിനാശമാകുമെന്നും ഭൂരഹിതരുടെ പ്രശ്‌നത്തിന് പരിഹാരം കാണാതെ വൻകിട പദ്ധതിയിലേക്ക് പോകുന്നത് ആശയ കുഴപ്പത്തിനും വഴിവെക്കുമെന്നുമുള്ള കോടതി നിരീക്ഷണം ഭൂവിതരണത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെ വെളിപ്പെടുത്തുന്നതാണ്.

കേരളത്തിലെ ഭൂസമരങ്ങൾ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങൾ ശരിവയ്ക്കുന്നതാണ് ഇത്. ഈ പശ്ചാത്തലത്തിൽ ഭൂരഹിതർക്ക് ഭൂമി വിതരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.