മുംബൈ: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും സഹോദരനും മുംബൈയിൽ അറസ്റ്റിൽ. രണ്ട് വർഷമായി പിതാവും സഹോദരനും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വിദ്യാർത്ഥിനിയായ പെൺകുട്ടി വിവരം സ്‌കൂളിലെ അദ്ധ്യാപികയോടും പ്രിൻസിപ്പലിനോടും പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സ്‌കൂൾ അധികൃതരാണ് എൻജിഒ സംഘടനയെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചത്. അദ്ധ്യാപകർ മുൻകൈയെടുത്ത് കുട്ടിയെ കൗൺസിലിങ്ങിനും വിധേയയാക്കി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനും സഹോദരനുമെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്.

2019 ലാണ് പിതാവ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. നാൽപ്പത്തിമൂന്നുകാരനായ ഇയാൾ മകൾ തനിച്ച് കിടന്നുറങ്ങുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2019 ജനുവരിയിലായിരുന്നു സംഭവം. ഇതേ മാസം അവസാനം ഇരുപത് വയസ്സുള്ള സഹോദരനും പെൺകുട്ടിയെ പീഡിപ്പിച്ചു.

തന്റെ ഇളയ സഹോദരിയേയും അച്ഛനും സഹോദരനും പീഡിപ്പിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. ഇതിനെ തുടർന്നാണ് കുട്ടി വിവരം അദ്ധ്യാപികയെ അറിയിച്ചത്.