ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയിൽ അംഗത്വമെടുത്തതിന് പിന്നാലെ ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയായ മുലായം സിങ്ങ് യാദവിന്റെ അനുഗ്രഹം വാങ്ങി മരുമകൾ അപർണ യാദവ്. സമാജ്വാദി പാർട്ടി സ്ഥാപകനായ മുലായം സിങ്ങിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയായ അപർണ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്.

മുലായം സിങ്ങിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം അപർണ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്. ബിജെപിയിൽ ചേർന്നതിനുശേഷം ആദ്യം ലഖ്നൗവിലെത്തി അച്ഛന്റെ അനുഗ്രഹം വാങ്ങിയെന്ന് ചിത്രത്തിനൊപ്പം അപർണ കുറിച്ചു. ഇത് നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തു.

ബുധനാഴ്ച കാലത്ത് പത്തരയോടെ അപർണ ബിജെപി. അംഗത്വം സ്വീകരിച്ചത്. 2017 ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അപർണാ യാദവ് ജനവിധി തേടിയിരുന്നു. ലഖ്‌നൗ കന്റോൺമെന്റ് സീറ്റിൽനിന്ന് മത്സരിച്ച അപർണ, ബിജെപിയുടെ റീത്താ ബഹുഗുണ ജോഷിയോടാണ് പരാജയപ്പെട്ടത്.