- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് സിപിഎം പ്രഖ്യാപിച്ച സമരം തുടങ്ങേണ്ടത് രാത്രി 12ന്; വൈകിട്ട് 7.30ന് ചാവശ്ശേരിയിൽ ബസ് കത്തിച്ചു; പിറ്റേന്ന് കേരളം കേട്ടത് യാത്രക്കാർ വെന്ത് മരിച്ച വാർത്ത'; അവരാണിപ്പോൾ റിജിൽ മാക്കുറ്റി നടത്തിയ സമരം പറയുന്നത്; സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്
കോഴിക്കോട്: കെ റെയിൽ സമരത്തിന്റെ ഭാഗമായി മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത പരിപാടിക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതൃത്വം. 1970ൽ അരങ്ങേറിയ ചാവശേരി ബസ് തീവെപ്പ് സംഭവം സിപിഎം നേതൃത്വത്തെ ഓർമ്മപ്പെടുത്തിയാണ് യൂത്ത് കോൺഗ്രസ് നേതൃത്വം വിമർശനം ഉന്നയിച്ചത്.
ഇന്ന് ജനുവരി 21 ആണ്. ഒരു കൊടും ക്രൂരതയുടെ വാർഷിക ദിനം എന്ന തലക്കെട്ടോടെയാണ് ഫേസ്‌ബുക്കിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ കടുത്ത വിമർശനം ഉന്നയിക്കുന്നത്. 1970 ജനുവരി 21ന് കണ്ണൂരിൽ ഉണ്ടായ സമര ക്രൂരതയുടെ വാർത്ത പിറ്റേ ദിവസത്തെ പത്രത്തിൽ വന്നതിന്റെ പകർപ്പ് അടക്കം പങ്കുവച്ചാണ് വിമർശനം.
മാർക്‌സിസ്റ്റ് പാർട്ടി പാർട്ടി പ്രഖ്യാപിച്ച ട്രാൻസ്‌പോർട്ട് സമരം രാത്രി 12 മണി മുതൽ ആരംഭിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷെ വൈകീട്ട് 7.30 ആകുമ്പോഴേക്കും മട്ടന്നൂർ ചാവശ്ശേരിയിൽ ഒരു സ്റ്റേറ്റ് ട്രാൻസ്പോർട്ട് തടഞ്ഞ് നാല് ഭാഗത്ത് നിന്ന് പെട്രോളൊഴിച്ച് കത്തിച്ച് ആളുകൾ വെന്ത് മരിച്ചതിന്റെ നടക്കുന്ന വാർത്തകളാണ് പിറ്റേ ദിവസം കേരളം കേട്ടത്.
ഇവരാണ് റിജിൽ മാക്കുറ്റി പാന്റിട്ട് സമരം നടത്തി എന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ്സിനെ സമരപരിധി പഠിപ്പിക്കുന്നതെന്ന് ഷാഫി വിമർശിക്കുന്നു.
കെ റെയിൽ സമരം കയ്യൂക്ക് കൊണ്ട് നേരിടുമെന്ന് പ്രഖ്യാപിക്കുകയാണ് സി പി എം എന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. ബംഗാളിൽ ഇതേ രീതിയിലാണ് ഭരണമുണ്ടായപ്പോൾ സമരങ്ങളെ നേരിട്ടത്. സമരം നടത്തിയവരെ ഗുണ്ടകൾ എന്ന് വിളിക്കുന്നത് എന്ത് സംസ്‌കാരമാണ്. സമര രീതി കൊലക്കേസ് പ്രതിയായ ജയരാജനിൽ നിന്ന് പഠിക്കേണ്ട ഗതികേട് തങ്ങൾക്കില്ല എന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.
പാന്റിട്ട് സമരം ചെയ്താൽ അത് ഗുണ്ടായിസമാണെന്നാണ് സി പി എം പറയുന്നത്. ഗുണ്ടകളാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചത്. മർദ്ദിച്ചവർ പുറത്തും മർദ്ദനമേറ്റവർ ജയിലിലും എന്നതാണ് സ്ഥിതി. ആഭ്യന്തര വകുപ്പ് കൊടി സുനിയെ ഏൽപ്പിക്കുന്നതാണ് ഉചിതം. ഒരു പദ്ധതിയുടെ ആഘാത പഠനം പൂർത്തിയാക്കാൻ രണ്ട് വർഷമെങ്കിലും വേണം. മൂന്ന് മാസം കൊണ്ട് എല്ലാം തട്ടിക്കൂട്ടാൻ നടത്തിയ ശ്രമത്തെയാണ് എതിർത്തത്. സമരം നടക്കുമ്പോൾ പൊലീസിനെ നോക്കുകുത്തിയാക്കി ഗുണ്ടാ പ്രമുഖർ അക്രമിക്കുന്നതിനെ എന്ത് പേരിലാണ് വിളിക്കേണ്ടത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് പ്രശോഭ് മൊറാഴ ,കല്യാശ്ശേരി, ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ടുമാർ, ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി എം ഷാജർ തുടങ്ങിയവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത പരിപാടിയിലേക്ക് ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെയും തുടർന്നുള്ള സംഭവികാസങ്ങളെയും കുറിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും നേരെ മർദ്ദനമുണ്ടായി. സംഭവത്തിൽ 6 പേരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവരെയാണ് റിമാൻഡ് ചെയ്തത്. ജയ് ഹിന്ദ് ടി വി ഡ്രൈവർ മനീഷ് കൊറ്റാളിയും റിമാൻഡിലായവരിൽ ഉൾപ്പെടുന്നു.
ചാവശ്ശേരി ബസ് തീവെപ്പ് സംഭവം
1970 ജനുവരി 21നാണ് മട്ടന്നൂരിനടുത്ത് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് സമരക്കാർ അഗ്നിക്ക് ഇരയാക്കിയത്. മട്ടന്നൂരിൽ നിന്നും ഒന്നര നാഴിക അകലെ പാലത്തിന് അടുത്തുവച്ചാണ് അമ്പതോളം പേർ മാരകായുധങ്ങളുമായി വന്ന് ഒരു സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് തടഞ്ഞു നിർത്തുകയും നാലു ഭാഗത്തു നി്ന്നും പെട്രോൾ ഒഴിച്ച് തീവച്ചു നശിപ്പിക്കുയും ചെയ്തത്. കെ എൽ റ്റി 6571 നമ്പറിലുള്ള ബസ്സാണ് സമരക്കാർ തീവച്ചു നശിപ്പിച്ചത്.
കെഎസ്ആർടിസി ബസ് മട്ടന്നൂരിന് അടുത്ത് ചാവശേരിയിൽ എത്തിയപ്പോൾ വഴിയിൽ സിപിഎം പ്രവർത്തകർ തടഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരാൾ ബസിനുള്ളിൽ വച്ച് കത്തി അമർന്നു. രണ്ട് പേർ ആശുപത്രിയിൽ എത്തിച്ച ഉടൻ മരിച്ചു. ഒരാൾ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി.
അക്രമികൾ ബസ് തടഞ്ഞുനിർത്തിയ ഉടനെ ഡ്രൈവർ എം ശിവാനന്ദനെ വലിച്ചു താഴെയിട്ടു അതിമാരകമായി മർദ്ദിച്ചു. നാലു ഭാഗത്തുനിന്നും ആളിക്കത്തുന്ന തീയുടെ മധ്യത്തിൽപ്പെട്ട യാത്രക്കാർ കൂട്ടനിലവിളിയോടെ പുറത്തുചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊള്ളലോടു കൂടി പുറത്തു ചാടിയവർ പ്രാണഭീതിയോടെ ഓടുമ്പോൾ സമീപത്തെ ചാലിൽ വീഴുകപോലുമുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുംമുമ്പ് തീ നാല് ഭാഗത്തുനിന്നും പടർന്നുവെന്നാണ് രക്ഷപ്പെട്ട ഒരു യാത്രക്കാരൻ വെളിപ്പെടുത്തിയത്.
കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നാല് പേർ ഒഴികെ ബാക്കിയുള്ള എല്ല യാത്രക്കാർക്കും സാരമായി പൊള്ളലേറ്റു. കൂത്തുപ്പറമ്പ്, തലശ്ശേരി ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടാകുന്നത്. സമീപത്തുള്ള മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നും അപകട സ്ഥലത്തേക്ക് ആരും രക്ഷപ്രവർത്തനത്തിന് എത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ഡ്രൈവർ ഓടിച്ചെന്ന് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും സ്റ്റേഷനിൽ മൂന്ന് കോൺസ്റ്റബിൾമാർ മാത്രമാണ് ഉണ്ടായിരുന്നത്. കണ്ണൂരിൽ നിന്ന് പതിനൊന്ന് മണിയോടെ പൊലീസ് എത്തിയതോടെയാണ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനോടകം നാട്ടുകാരും മറ്റ് ബസുകളിൽ വന്ന യാത്രക്കാരും അടക്കം രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
1969 ഒക്ടോബർ അവസാനത്തോടെയാണ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ രാജിവച്ചത്. അതിനെ തുടർന്ന് അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഒരു ഇടക്കാല മന്ത്രിസഭ അധികാരത്തിൽ ഏറുകയുണ്ടായി. ഇക്കാലത്താണ് ചാവശേരി തീവെപ്പ് ഉണ്ടാകുന്നത്.
സപ്തകക്ഷി മന്ത്രിസഭയിൽ ഇ കെ ഇമ്പിച്ചിബാവയായിരുന്നു ഗതാഗത മന്ത്രി. അദ്ദേഹത്തിന്റെ കാലത്ത് ആശ്രിത നിയമനത്തിന്റെ പേരിൽ വിവാദം ഉയർന്നിരുന്നു. അഭിമുഖമോ, എഴുത്തുപരീക്ഷയോ നടത്താതെ പിൻവാതിൽ നിയമനങ്ങളാണ നടന്നത്. സിഗരറ്റ് കൂട് നിയമനങ്ങൾ എന്നാണ് പ്രതിപക്ഷം ഇതിനെ കളിയാക്കി വിളിച്ചത്.
അച്യുതമേനോൻ മന്ത്രിസഭയിൽ കെ എം ജോർജ് ഗതാഗത മന്ത്രിയായപ്പോൾ അദ്ദേഹം ആദ്യം ചെയ്തത് ഇമ്പിച്ചി ബാവ നിയമിച്ച 850 പേരെയും പിരിച്ചുവിടുകയാണ് ചെയ്തത്. ഗതാഗത മന്ത്രി ഈ തീരുമാനം എടുത്തതിന് പിന്നാലെ ഇടത് ആഭിമുഖ്യമുള്ള സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തി. സംസ്ഥാനത്ത് ഉടനീളം സമരങ്ങൾ സംഘടിപ്പിച്ചു. സരമം കടുത്തിട്ടും തീരുമാനം പിൻവലിക്കാൻ ഗതാഗത മന്ത്രി തയ്യാറായില്ല.
ചോരയ്ക്ക് ചോര കൊടുത്തും ഈ കിരാത നടപടിയെ എതിർക്കും എന്നായിരുന്നു അന്നത്തെ ഇടതുപക്ഷ യൂണിയൻ നേതാവായ പാറശാല ശിവാനന്ദൻ പറഞ്ഞത്. സമരങ്ങൾ പ്രഖ്യാപിച്ചത് തൊഴിലാളി സംഘടനകൾ ആണെങ്കിലും സമരത്തിന് മുന്നിൽ സിപിഎം പ്രവർത്തകരായിരുന്നു. സമരം ആരംഭിക്കേണ്ടത് രാത്രി 12 മണിക്കായിരുന്നു. എന്നാൽ രാത്രി ഏഴരയോടെ കണ്ണൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് സിപിഎം പ്രവർത്തകർ അഗ്നിക്ക് ഇരയാക്കുകയായിരുന്നു. ഒരു യാത്രക്കാരനെപ്പോലും പുറത്തിറങ്ങാൻ അനുവദിക്കാതെയാണ് മാർക്‌സിസ്റ്റുകാർ ഈ ക്രൂരകൃത്യം നടപ്പാക്കിയത്.
ഈ കേസ് കോടതിയിൽ എത്തിയപ്പോൾ ചാർജ് ഷീറ്റിൽ ഉണ്ടായിരുന്ന പത്തൊൻപത് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നു. അതിൽ വാസു കുഞ്ഞിരാമൻ, കൃഷ്ണൻ എന്നിങ്ങനെ മൂന്ന് പേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപര്യന്തവും സെഷൻസ് കോടതി ശിക്ഷയായി വിധിക്കുന്നു. പാർട്ടി നേതൃത്വം ഇടപെട്ട് മേൽക്കോടതിയിൽ പോയതോടെ എല്ലാവരുടേയും ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയാണ് ഉണ്ടായത്. 1970ൽ തിരഞ്ഞെടുപ്പിൽ സിപിഎം വിരുദ്ധ തരംഗം ഉണ്ടാകാനും സിപിഐ ലീഗ് ആർ എസ് പി സഖ്യം അധികാരത്തിൽ ഏറാനും കാരണമായത് ചാവശേരിയിൽ നടന്ന സമരമായിരുന്നു.
ന്യൂസ് ഡെസ്ക്