ന്യൂഡൽഹി: ഇ. ഡി റെയ്ഡുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത് സിങ് ചന്നി. പഞ്ചാബിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുമായി ബന്ധപ്പെട്ട് കെജ്രിവാൾ നടത്തിയ പരാമർശമാണ് പഞ്ചാബ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

പഞ്ചാബിൽ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ മരുമകനും സുഹൃത്തുക്കളുമുൾപ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ടാണ് ഇ.ഡി. വ്യാപകപരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത് സിങ് ചന്നി സത്യ സന്ധനായ ആൾ അല്ല എന്ന പരാമർശവുമായി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയത്.

റെയ്ഡുമായി ബന്ധപ്പെട്ട എഎൻഐയുടെ വാർത്ത റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു കെജ്രിവാൾ ചരൺ ജിത് സിങ് ചന്നിക്കെതിരേ രംഗത്തെത്തിയത്. ചാംകൗർ സാഹിബ് മണ്ഡലത്തിൽ നിന്ന് ചരൺ ജിത് സിങ് ചന്നി തോൽക്കുമെന്ന് തങ്ങളുടെ സർവെ ചൂണ്ടിക്കാട്ടുന്നുവെന്നും ഇ.ഡി ഉദ്യോഗസ്ഥർ ഇത്രയും നോട്ടുകെട്ടുകൾ എണ്ണുന്നത് കണ്ട് ആളുകൾ ഞെട്ടി എന്നും കെജ്രിവാൾ പറഞ്ഞിരുന്നു.