ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനായിരിക്കുമെന്ന സൂചന നൽകി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഉത്തർപ്രദേശിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങൾക്ക് എല്ലായിടത്തും കാണാൻ സാധിക്കും' എന്നായിരുന്നു പ്രിയങ്കാ ഗാന്ധി നൽകിയ മറുപടി.

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ മാധ്യമങ്ങൾ അത് വ്യാഖ്യാനിക്കുകയും ചെയ്തു. എന്നാൽ രാവിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നടത്തിയ പരാമർശം മണിക്കൂറുകൾക്കുള്ളിൽ പ്രിയങ്കാ തിരുത്തി.

വൈകുന്നേരം ഒരു ദേശീയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക നേരത്തെ പറഞ്ഞത് തിരുത്തി. താൻ അത് തമാശയായി പറഞ്ഞതാണെന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താൻ ആകണമെന്ന് ഒരു നിർബന്ധവുമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ഇനിയും ധാരാളം സമയമുണ്ടെന്നും സമയമാകുമ്പോൾ ഉചിതമായ വ്യക്തിയെ പാർട്ടി തിരഞ്ഞെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം ഇത്രയുംകാലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന പ്രിയങ്ക ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. പ്രിയങ്ക ഇതുവരെയായും ഇത്തരം അഭ്യൂഹങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് മാത്രമല്ല ഇന്ന് രാവിലെ നടത്തിയ പ്രതികരണങ്ങൾ പ്രിയങ്ക തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനകൾ നൽകുന്നതാണ്.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 40 ശതമാനം വനിതകളെ ഉൾപ്പെടുത്തിയിരുന്നു. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ അടക്കം 125 സ്ഥാനാർത്ഥികളാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

ഓണറേറിയം ഉയർത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ആശാ വർക്കർ പൂനം പാണ്ഡെയും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ഉത്തർപ്രദേശിൽ കോൺഗ്രസ് പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 125-ൽ 50 വനിതാ സ്ഥാനാർത്ഥികളാണ് ഉൾപ്പെട്ടിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതകളെ സ്ഥാനാർത്ഥികളാക്കുമെന്ന പ്രിയങ്ക കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു