കൊച്ചി: 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' പുറത്തിറങ്ങി ആറ് വർഷത്തിനു ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' റിലീസ് ചെയ്തതോടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പറ്റിയുള്ള നല്ല പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് വിനീത്.

'നിങ്ങളുടെ പ്രതികരണങ്ങൾക്ക് നന്ദി. എനിക്കറിയാത്ത് ആളുകളുടെ പോലും പ്രാർത്ഥന ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും നന്ദി,' എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്. പിന്നാലെ ചിത്രത്തിന് ആശംസകളുമായും പുകഴ്‌ത്തിയും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവർത്തകർ മുന്നോട്ട് പോവുകയായിരുന്നു. ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നെങ്കിലും ഇന്നു തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് അറിയിച്ചിരുന്നു.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് 'ഹൃദയം' നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താര സുരേഷാണ്. നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിർമ്മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ഇതുവരെയിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റായിരുന്നു.

അണിയറപ്രവർത്തകർ അവകാശവാദങ്ങളൊന്നും ഉയർത്തിയിരുന്നില്ലെങ്കിലും വിനീത്- പ്രണവ് കോമ്പിനേഷൻ എന്നത് ആസ്വാദകർക്കിടയിൽ സ്വാഭാവികമായും സൃഷ്ടിച്ച ഓവർ ഹൈപ്പിനെ മറികടന്ന് പോകുന്ന ഫീൽ ഗുഡ് എന്റർടെയ്‌നർ എന്നതാണ് 'ഹൃദയ'ത്തിന്റെ കാഴ്ചാനുഭവം. 2 മണിക്കൂർ 52 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ആദ്യാവസാനം കാണിയെ എൻഗേജ് ചെയ്യിച്ച് നിർത്തുന്നതിൽ പൂർണ്ണ വിജയമാണ്. പ്രണവ് മോഹൻലാലിലെ അഭിനേതാവിനെ അനായാസതയോടെയും ആത്മവിശ്വാസത്തോടെയും കാണാനാവുന്ന ഫ്രെയ്മുകളുമാണ് ഹൃദയത്തിന്റേത്.

അരുൺ നീലകണ്ഠൻ എന്ന യുവാവിന്റെ 17 വയസ് മുതൽ 30 വയസ് വരെയുള്ള ജീവിതമാണ് 'ഹൃദയം'. ചെന്നൈയിലെ ഒരു പ്രൊഫഷണൽ കോളെജിൽ ബി.ടെക്ക് വിദ്യാർത്ഥിയായി എത്തുന്നത് മുതൽ അയാളുടെ വിവാഹജീവിതത്തിന്റെ ആദ്യഘട്ടം വരെയുള്ള കാലത്തെ പിന്തുടരുകയാണ് ചിത്രം. കേന്ദ്ര കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ കഥ പറയുമ്പോൾത്തന്നെ വലുതും ചെറുതുമായ മറ്റു കഥാപാത്രങ്ങളെയും കഥ നടക്കുന്ന ചുറ്റുപാടുകളെയും പ്രാധാന്യത്തോടെയാണ് വിനീത് ഫ്രെയ്മിലാക്കിയിരിക്കുന്നത്.