ലഖ്‌നൗ: ഉത്തർപ്രേദശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തലവേദന സൃഷ്ടിക്കുകയാണ്. സീറ്റ് ലഭിക്കാത്തവർ രാജി വയ്ക്കുന്നതും പാർട്ടി വിടുന്നതും തുടരുകയാണ്. ഇതിനിടെ സരോജിനി നഗർ മണ്ഡലത്തിന് വേണ്ടി തർക്കിക്കുന്ന രണ്ടു ബിജെപി നേതാക്കളാണ് ഇപ്പോൾ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നത്. സീറ്റിന് വേണ്ടി തർക്കിക്കുന്ന രണ്ട് നേതാക്കളും ഭാര്യയും ഭർത്താവും ആണ് എന്നതാണ് ഏറെ ശ്രദ്ധേയം.

സരോജിനി നഗർ സിറ്റിങ് എംഎൽഎയും ഉത്തർപ്രദേശ് മന്ത്രിയുമായ സ്വാതി സിങ്ങും ഭർത്താവ് ദയാശങ്കർ സിങ്ങുമാണ് സീറ്റിന് വേണ്ടി തർക്കിക്കുന്നത്. സരോജിനി നഗർ സീറ്റിന് വേണ്ടിയാണ് രണ്ടു പേരും തർക്കിക്കുന്നത്.

താൻ മത്സരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രി സ്വാതി സിങ് ഫ്‌ളക്‌സ് ബോർഡുകളും തിരഞ്ഞെടുപ്പ് പരസ്യങ്ങളും തയ്യാറാക്കി വെച്ചിരിക്കുകയാണ്. എന്നാൽ മണ്ഡലത്തിൽ ഔദ്യോഗികമായി ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ പരസ്യപ്പലകകളൊക്കെ മന്ത്രിയുടെ വീട്ടിൽ കെട്ടിക്കിടക്കുകയാണ്.

'കഴിഞ്ഞ തവണ ഭാര്യയെ മത്സരിക്കാൻ അനുവദിച്ചു, ഇത്തവണ ഞാൻ മത്സരിക്കും. ഞാനും പാർട്ടി പ്രവർത്തകനാണ്, എന്നോട് ആവശ്യപ്പെടുന്നത് ചെയ്യും' ഭർത്താവ് ദയാശങ്കർ സിങ് പറഞ്ഞു. കുടുംബ വഴക്ക് കാരണം ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് താമസം.