ഒട്ടാവ: അമേരിക്ക-കാനഡ അതിർത്തിയിൽ പിഞ്ച് കുഞ്ഞടക്കം നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മഞ്ഞിൽ പുതഞ്ഞ നിലയിൽ മാനിറ്റോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം.

സംഘത്തിലെ മറ്റ് ഏഴ് പേരെ അവശനിലയിൽ കനേഡിയൻ പൊലീസ് രക്ഷിച്ചു. ഇവരെ അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു.അമേരിക്കൻ അതിർത്തിയിൽ നിന്ന് വെറും 12 മീറ്റർ മാത്രം അകലെയായിരുന്നു മൃതദേഹങ്ങൾ. മരിച്ചവരുടെ വിവരങ്ങൾ അറിയാനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കാനഡ അതിർത്തിക്കുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. ഞെട്ടിക്കുന്ന വാർത്തയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ പ്രതികരിച്ചു. കാനഡയിലെയും അമേരിക്കയിലെയും സ്ഥാനപതിമാരോട് വിഷയത്തിൽ റിപ്പോർട്ട് തേടിയതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. അടിയന്തിര ഇടപെടൽ നടത്താൻ കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് നിർദ്ദേശം നൽകി.

ഇന്ത്യൻ സംഘം അപകട സ്ഥലത്തേയ്ക്ക് പോകുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. രണ്ട് മുതിർന്നവരും ഒരു കൗമാരക്കാരനും പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. ഇവർ ഒരു കുടുംബത്തിലുള്ളവരാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. അന്വേഷണത്തിൽ ഫ്ലോറിഡ സ്വദേശിയായ സ്റ്റീവ് ഷാൻഡ് എന്നയാളെ അറസ്റ്റ് ചെയ്തതായി യുഎസ് അറ്റോണി ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. രേഖകളില്ലാതെ രണ്ട് ഇന്ത്യൻ പൗരന്മാരോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു ഇയാളെ അറസ്റ്റ് ചെയ്യുന്നത്.