ന്യൂഡൽഹി: ഭാര്യയുടെ സമ്മതമില്ലാതെ, നിർബന്ധിത ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ വാദമുന്നയിച്ച് മുതിർന്ന അഭിഭാഷക. മാരിറ്റൽ റേപ്പുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വാദത്തിനിടെയാണ് മുതിർന്ന അഭിഭാഷകയും അമിക്കസ് ക്യൂരിയുമായ റബേക്ക ജോൺ ഇക്കാര്യം ഉന്നയിച്ചത്. ജസ്റ്റിസുമാരായ രാജീവ് ശക്ദേറിന്റെയും സി. ഹരിശങ്കറിന്റെയും ബെഞ്ചാണ് വാദം കേട്ടത്.

മുതിർന്ന അഭിഭാഷകയും അമിക്കസ് ക്യൂരിയുമായ റബേക്ക ജോണാണ് മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കണമെന്നും, ഭാര്യയുടെ സമ്മതപ്രകാരമില്ലാതെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കണമെന്നുമുള്ള വാദം ഉന്നയിച്ചത്. അല്ലാത്തപക്ഷം. ഐ.പി.സി സെക്ഷൻ 375 മുന്നോട്ട് വെക്കുന്ന ജെൻഡർ ന്യൂട്രാലിറ്റിക്ക് അപവാദമാകുമെന്നും അവർ പറഞ്ഞു.

ഐ.പി.സി സെക്ഷൻ 376 ഭാര്യയുടെ സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷന്മാരെ സംരക്ഷിക്കുന്നതാണെന്നും ഇത് ഡെൻഡർ ന്യൂട്രാലിറ്റിക്ക് എതിരാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

വിവാഹിതരും അല്ലാത്തവരും തമ്മിലുള്ള ലൈംഗിക സമവാക്യങ്ങളിൽ വ്യത്യാസങ്ങളുണ്ടെന്നും, വിവാഹിതരായവരുടെ കാര്യത്തിൽ പരസ്പരമുള്ള ലൈംഗികബന്ധം പ്രതീക്ഷിക്കാനുള്ള അവകാശമുണ്ടെന്നും, എന്നാൽ അവിവാഹിതരുടെ കാര്യത്തിൽ അത് ഉണ്ടാവില്ലെന്നും റബേക്ക ജോൺ പറഞ്ഞു

വിവാഹശേഷം ഭർത്താവിന് ലൈംഗികബന്ധത്തിന് അവകാശമുണ്ടെന്ന വാദത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ഇത്തരത്തിലൊരു വാദം ഉന്നയിച്ചിരിക്കുന്നതെന്നും, എന്നാൽ അതിനെ അവകാശമായി കാണാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ' അത്തരത്തിലൊരു അവകാശം നിലവിലില്ല. അതിനെ അവകാശമെന്ന് വിളിക്കാൻ പറ്റില്ല, നമുക്കതിനെ പ്രതീക്ഷയെന്ന് വിളിക്കാം,' റബേക്ക ജോൺ പറയുന്നു.

ഭർത്താവിന് ഇത്തരത്തിലൊരു പ്രതീക്ഷ ഉണ്ടായിരിക്കുകയും എന്നാൽ ഭാര്യയ്ക്ക് അതിന് സമ്മതമല്ലാതിരിക്കുകയും ചെയ്യുമ്പോൾ നിർബന്ധിത ലൈംഗികബന്ധം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഭാര്യ ഇത്തരത്തിൽ ലൈംഗികബന്ധത്തിന് തയ്യാറാവാത്തത് ദാമ്പത്യബന്ധങ്ങൾ തകരാൻ കാരണമാവാറുണ്ടെന്നും, ഭർത്താവ് മറ്റ് സിവിൽ നടപടികളിലേക്ക് കടക്കുന്നതിനും കാരണമാവുമെന്ന് അവർ പറയുന്നു.

'ചില സമയങ്ങളിൽ ഭർത്താവിന്റെ ഭാഗത്ത് ശരി ഉണ്ടായിരിക്കാം, ഭാര്യയ്ക്ക് ലൈംഗികബന്ധം വിസമ്മതിക്കാൻ കാരണങ്ങൾ ഉണ്ടായില്ലെന്നും വരാം. ഇത്തരം സാഹചര്യങ്ങളെ ഞാൻ അംഗീകരിക്കുന്നു.

എന്റെ 34 വർഷത്തെ അഭിഭാഷകജീവിതത്തിൽ സ്ത്രീകളെക്കാളേറെ ഞാൻ പുരുഷന്മാരെയാണ് പ്രതിനിധീകരിച്ചിട്ടുള്ളത്. പുരുഷന്മാർക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരിക്കാം, എന്നാൽ ഈ പ്രതീക്ഷയുടെ അടിസ്ഥാനത്തിൽ ഭാര്യയുമായുള്ള നിർബന്ധിത ലൈംഗികബന്ധത്തിന് സാധിക്കില്ല. ഇതാണ് ഇക്കാര്യത്തിൽ എന്റെ ഉത്തരം,' റബേക്ക ജോൺ പറയുന്നു.

അതേസമയം, ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്കും നിയമ പരിരക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഇത്തരം നിയമങ്ങൾ സ്ത്രീകളെയും അവരുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും, ട്രാൻസ്ജെൻഡർ വിഭാഗം സ്ത്രീകളെക്കാൾ ദുർബലരാണെന്നും റബേക്ക ജോൺ വ്യക്തമാക്കി.