മുംബൈ: കോവിഡ് ബാധിച്ച് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കർ ഐസിയുവിൽ തുടരുകയാണെന്ന് അവരുടെ വക്താവ് അറിയിച്ചു. ഗായികയെക്കുറിച്ചു തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നു ലതയുടെ വക്താവ് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

'പ്രതിത് സംദാനിയുടെയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ ചികിത്സയിൽ ഐസിയുവിലാണ് ലതാ ദീദി. അവരെപ്പറ്റി തെറ്റായ വാർത്ത നൽകരുതെന്ന് അഭ്യർത്ഥിക്കുന്നു. കുടുംബത്തിനും ഡോക്ടർമാർക്കും അവരുടേതായ സമയവും ഇടവും ആവശ്യമുണ്ട്' പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ച ലതയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാർത്ത വന്നപ്പോഴും സമാന പ്രതികരണവുമായി വക്താവ് രംഗത്തെത്തിയിരുന്നു. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ലതയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടു.

2019ൽ ന്യൂമോണിയ ബാധയെ തുടർന്ന് ലതാ മങ്കേഷ്‌കർ ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇതേ തുടർന്ന് പൂർണ വിശ്രമത്തിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ തന്റെ 92മത്തെ പിറന്നാൾ ആഘോഷിച്ചത്.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിലാണ് ജനനം. ഹേമ എന്നായിരുന്നു ആദ്യ പേര്. ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്ന പേരിലേക്ക് എത്തിയത്.