കണ്ണൂർ: സംസ്ഥാനത്ത് ജയിലുകളിലും കോവിഡ് വ്യാപിക്കുന്നു. പൂജപ്പുര ജയിലിൽ ശനിയാഴ്ച രാവിലെ 239 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിറകേ കണ്ണൂർ സെൻട്രൽ ജയിലിലും 10 തടവുകാർക്ക് രോഗം പിടിപെട്ടു. ഇവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. മുഴുവൻ തടവുകാരെയും ജയിലിലെ മുഴുവൻ തടവുകാരേയും കോവിഡ് പരിശോധനക്ക് വിധേയമാക്കും.

കോഴിക്കോട് കാസർക്കോട് എന്നിവിടങ്ങളിൽ നിന്ന് എത്തിയ റിമാൻഡ് തടവുകാരായ 10 പേർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഗുരുതര രോഗ ബാധ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്ക് മാറ്റും. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താൻ ജയിൽ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലുകളിൽ പ്രത്യക ആരോഗ്യ വിഭാഗത്തെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനിടെ കോവിഡ് പോസിറ്റീവായ രോഗികളുടെ ചികിത്സാർത്ഥം തലശ്ശേരി ജനറൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ അടിയന്തരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ രണ്ടാഴ്ചക്കാലത്തേക്ക് ഡിഎംഒയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിവെക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ഗുരുതരാവസ്ഥയിലുള്ള സി കാറ്റഗറിയിൽപ്പെട്ട രോഗികളെ മാത്രം പ്രവേശിപ്പിക്കേണ്ടതിനാൽ ജില്ലാ കൺട്രോൾ സെൽ മുഖാന്തരം റഫർ ചെയ്യുന്ന രോഗികളെ മാത്രം പ്രവേശിപ്പിക്കും. ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കാൻ തീരുമാനിച്ചു.

കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പക്ഷം ഡി.എം.ഒ (ആരോഗ്യം) അടിയന്തിരമായി റിപ്പോർട്ട് ചെയ്യും. ക്ലസ്റ്ററുകൾ രൂപപ്പെട്ട പ്രദേശത്ത് മാത്രം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി/അസി. സെക്രട്ടറിമാരെ സെക്ടറൽ മജിസ്‌ട്രേറ്റ് ആയി നിയമിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്‌മാസ്റ്റർ നടപടികൾ സ്വീകരിക്കണം.

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയ്യതികളിൽ ജില്ലയിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. വ്യവസായ വകുപ്പ് മുഖാന്തരം ഏറ്റെടുത്തിട്ടുള്ള ഓക്‌സിജൻ സിലിണ്ടറുകൾ നിലവിൽ ഉപയോഗിക്കുന്നില്ലെങ്കിൽ തിരിച്ച് നൽകാവുന്നതാണ്.

നിയന്ത്രണങ്ങൾ ഏർപെടുത്തുന്നതിനായി ആശുപത്രിയിൽ അഡ്‌മിറ്റാകുന്നവരുടെ എണ്ണം കണക്കാക്കി സർക്കാർ ഉത്തരവ് പ്രകാരം ജില്ലയുടെ കാറ്റഗറി എല്ലാ ദിവസവും ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായി ജില്ലാ മെഡിക്കൽ ഓഫിസർ കളക്ടർക്ക് നൽകാനും ദുരന്തനിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്