ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പോരാട്ടത്തിന് ഇറങ്ങുക യാദവ് കുടുംബത്തിന്റെ തട്ടകമായ മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലം. ഫെബ്രുവരി 20നാണ് ഇവിടെ തിരഞ്ഞെടുപ്പ്.

അഖിലേഷ് യാദവിന്റെ അമ്മാവനും രാജ്യസഭാ എംപിയുമായ രാം ഗോപാൽ യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ഇവിടെനിന്നും റെക്കോർഡ് ഭൂരിപക്ഷത്തോടെ അഖിലേഷ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1993 മുതൽ കർഹാൽ മണ്ഡലം സമാജ്വാദി പാർട്ടിയുടെ കൈവശമാണ്. 2002ൽ ബിജെപി കൈയടക്കിയെങ്കിലും 2007ൽ എസ്‌പി മണ്ഡലം തിരിച്ചുപിടിച്ചു. നിലവിൽ ശോഭരൻ യാദവ് ആണ് കർഹാൽ ഭരിക്കുന്നത്.യാദവ കുടുംബത്തിന്റെ ഗ്രാമമായ സൈഫായിയിൽ നിന്ന് 5 കിലോമീറ്റർ അകലെയായാണ് കർഹാൽ.

മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്നാണിത്.അഖിലേഷ് യാദവിന്റെ പിതാവ് മുലായം സിങ് യാദവിനെ അഞ്ച് തവണ ലോക്‌സഭയിൽ എത്തിച്ചത് മെയിൻപുരിയാണ്.

യുപിയിൽ ഏഴുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10 ന് തുടങ്ങി മാർച്ച് 7ന് അവസാനിക്കും. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുർ അർബനിൽ നിന്നാണ് ജനവിധി തേടുന്നത്. ആസാദ് സമാജ് വാദി പാർട്ടി നേതാവായ ചന്ദ്രശേഖർ ആസാദ് യോഗിക്കെതിരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.