അഹമ്മദാബാദ്: കോവിഡ്-19 വ്യാപനം രൂക്ഷമായതിന് ശേഷം ഗുജറാത്തികൾ വിറ്റഴിച്ചത് 28 മെട്രിക് ടൺ സ്വർണം. അടിയന്തര ആവശ്യങ്ങളും മെഡിക്കൽ കേസുകളും മുന്നിൽ കണ്ടാണ് ആളുകൾ സ്വർണം പണമാക്കി മാറ്റിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് രണ്ടാം തരംഗത്തിൽ പലർക്കും വീട്ടിലെ ഗൃഹനാഥനെ നഷ്ടപ്പെട്ടതോടെ വരുമാനവും നിലച്ചു. ഇതോടെ പണത്തിന്റെ ആവശ്യത്തിന് സ്വർണം വിൽക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലാതെയായി. പലരും കോവിഡ് പോസിറ്റീവ് ആയ ശേഷമുള്ള ചികിത്സയ്ക്കായും ഭക്ഷണത്തിനുമായാണ് സ്വർണം വിറ്റത്.

2020 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെയുള്ള കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നെത്തിയത് 142 മെട്രിക് ടൺ സ്വർണമാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു.

'കോവിഡ് പകർച്ചവ്യാധി തുടങ്ങിയതിനു ശേഷം വ്യാപാര വ്യവസായ മേഖലകളിൽ തിരിച്ചുവരവ് അസാധ്യമായി. ഐടി, ഇ-കൊമേഴ്സ് പോലുള്ള വിഭാഗങ്ങളിൽ മാത്രമാണ് അൽപമെങ്കിലും വളർച്ചയുണ്ടായത്. എന്നാൽ മറ്റു നിർമ്മാണ മേഖലകളിൽ തൊഴിലാളികളുടെ ശമ്പളം പോലും മുടങ്ങിപ്പോയി. ചെറുകിട കച്ചവടക്കാർക്കെല്ലാം കട പൂട്ടി മറ്റു ജോലി നോക്കേണ്ടിവന്നു. കടം വീട്ടാനും വീട്ടിലേക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാനും അടിയന്തര ഘട്ടങ്ങൾ നേരിടാനും ആളുകൾ സൂക്ഷിച്ചുവെച്ചിരുന്ന സ്വർണമെല്ലാം വിറ്റു.' ഇന്ത്യ ബുള്ളിയൻ ആൻഡ് ജൂവലേഴ്സ് അസോസിയേഷൻ ഡയറക്ടർ ഹരേഷ് ആചാര്യ വ്യക്തമാക്കുന്നു.