ചെന്നൈ: ആളൊഴിഞ്ഞ ഗോഡൗണിൽ കയറിയെ പുലിയെ പിടികൂടി വനംവകുപ്പ് കാട്ടിലേക്ക് തുറന്നുവിട്ടു. കോയമ്പത്തൂർ ബി.കെ. പുതൂരിൽ വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ പുലിയെ പൊള്ളാച്ചി ടോപ് സ്ലിപ് വനത്തിലാണ് തുറന്നു വിട്ടത്. വെറ്ററിനറി ഡോക്ടർ എത്തി വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയതിന് ശേഷമായിരുന്നു നീക്കം.

ബി.കെ പുതൂരിൽ ആളൊഴിഞ്ഞ ഗോഡൗണിലാണ് പുലി കയറിയിരുന്നത്. വാളയാറിന് 19 കിലോ മീറ്റർ അകലെയായി സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണാണിത്. നാല് ദിവസം മുമ്പായിരുന്നു സംഭവം. തുടർന്ന് തമിഴ്‌നാട് വനംവകുപ്പ് കെണി സ്ഥാപിച്ചു. ശേഷം ഇന്നാണ് പുലി കെണിയിൽ കുടുങ്ങിയത്.

ഗോഡൗണിന്റെ വാതിലിനോട് ചേർന്ന് രണ്ട് വലിയ കൂടുകൾ സ്ഥാപിച്ചിരുന്നു. ഇതിനുള്ളിൽ ഇറച്ചിയും വെള്ളവും വെച്ചു. ആഹാരമില്ലാതെ അധികദിവസം പുലിക്ക് തങ്ങാനാകാൻ കഴിയില്ലെന്ന നിരീക്ഷണത്തിലാണ് ഇത് ചെയ്തത്. ഒടുവിൽ പുലി കെണിയിൽ കുടുങ്ങി.