- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന് വാട്സാപ്പ് ഗ്രൂപ്പിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം: പരീക്ഷണഘട്ടം എത്രയും വേഗം നീങ്ങട്ടെ എന്ന് ആശംസയും: ഇന്റലിജൻസ് അന്വേഷണം തുടങ്ങി
ആലപ്പുഴ: യുവമോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തിന്റെ വാട്സാപ്പ് പോസ്റ്റ്. ജനുവരി 18 ന് രാത്രി എസ്ഡിപിഐയുടെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിൽ നിന്ന് പിടിയിലായ പത്തനംതിട്ട മുനിസിപ്പാലിറ്റി കുലശേഖരപതി 22-ാം വാർഡ് മുബാറക് മൻസിലിൽ ഇമാമുദ്ദീന് വേണ്ടിയാണ് സിപിഎം കുലശേഖരപതി ബ്രാഞ്ച് കമ്മറ്റിയംഗം അഡ്വ. ഷാൻ പഴയ വീട്ടിൽ ബ്രദർഹുഡ് കുലശേഖരപതി എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി.
പോസ്റ്റ് ഇങ്ങനെ: രാഷ്ട്രീയ എതിരഭിപ്രായമുണ്ടെങ്കിലും ഇന്നേക്ക്, രണ്ടര വർഷം മുൻപ് കോവിഡ് നാടിനെയൊന്നാകെ മരണഭയത്തിൽ നിർത്തിയ സന്ദർഭത്തിൽ, സധൈര്യം നാട്ടിൽ സന്നദ്ധ സേവനരംഗത്ത് കണ്ട ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു ഇമാം അണ്ണൻ. അദ്ദേഹത്തിന് വന്നു പെട്ട പരീക്ഷണഘട്ടം എത്രയും വേഗം നീങ്ങി മാറട്ടെ, ഐക്യദാർഢ്യം, അഭിവാദ്യം.
രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ആലപ്പുഴ ആര്യാട് സൗത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കൈതത്തിൽ അനൂപിനെ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്ക് ഇവിടെ ഒളിവിൽ കഴിയാനുള്ള സംവിധാനം ഒരുക്കിയതിനാണ് ഇമാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് പല ഗ്രൂപ്പുകളിലും ഇയാൾക്ക് അഭിവാദ്യം പ്രഖ്യാപിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
സിപിഎം ലേബലിൽ കറങ്ങി നടക്കുന്ന പലരും രാത്രിയായാൽ എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ആളായി മാറുന്ന കാഴ്ചയാണ് പലയിടത്തും ഉള്ളത്. പത്തനംതിട്ടയിൽ ഇത് ശക്തമാണ്. എസ്ഡിപിഐ പിന്തുണയിലാണ് പത്തനംതിട്ട നഗരസഭാ ഭരണം ഉറപ്പിക്കാൻ സിപിഎമ്മിന് കഴിഞ്ഞത്. അതിന് നന്ദിയെന്ന വണ്ണം നിരവധി വഴിവിട്ട സഹായങ്ങളും ഇവിടെ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും സിപിഎം നൽകുന്നുവെന്ന പരാതി വ്യാപകമാണ്. പാർട്ടിക്കുള്ളിൽ തന്നെ ഇതു സംബന്ധിച്ച് അഭിപ്രായ ഭിന്നത രൂക്ഷമാണ്.
മറുനാടന് മലയാളി ബ്യൂറോ