പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പത്താംക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങളായ രണ്ട് പേർ അറസ്റ്റിൽ. കൊട്ടാരക്കര തൃക്കണ്ണമംഗൽ കൊക്കാട്ട് പുത്തൻവീട്ടിൽ ഉണ്ണി(22), കണ്ണൻ(24) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

പിടിയിലായ രണ്ടുപേരും ജ്യേഷ്ഠാനുജന്മാരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരും പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് പറയുന്നത് ഇങ്ങനെ; ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചിരുന്ന ഉണ്ണി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു വിവാഹച്ചടങ്ങിൽവച്ച് വിദ്യാർത്ഥിനികളിൽ ഒരാളുമായി പരിചയപ്പെട്ടു. അവിടൈവച്ച് മൊബൈൽ നമ്പരുകൾ പരസ്പരം കൈമാറി. വൈകാതെ ഇരുവരും പ്രണയത്തിലായി. ഇതിനിടെ ഇയാൾ രണ്ട് തവണ പെൺകുട്ടിയുടെ പത്തനംതിട്ടയിലെ വീട്ടിലെത്തി.

ഈ പെൺകുട്ടി വഴി ഉണ്ണിയുടെ സഹോദരൻ കണ്ണൻ സഹപാഠിയായ മറ്റൊരു പെൺകുട്ടിയെ പരിചയപ്പെട്ടു. ഇതും പിന്നീട് ഇരുവരുടെയും പ്രണയബന്ധമായി വളരുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടികൾ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഇതേ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയായിരുന്നു.