- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കയിൽ നിന്നും പറന്നുയർന്ന വിമാനത്തിന്റെ മുൻവീലിൽ പിടിച്ച് ഒരാൾ ഇരുന്നത് നെതർലാൻഡ്സിൽ ലാൻഡ് ചെയ്യുന്നതുവരെ; അതിതീവ്ര തണുപ്പിൽ 30,000 അടി മുകളിലൂടെ പറന്നു ജീവനോടെ ആംസ്റ്റർഡാമിൽ ഇറങ്ങി ആഫ്രിക്കൻ പൗരൻ
അതിജീവനത്തിനായി അയാൾ യാത്രചെയ്തത് ജീവൻ പണയം വെച്ച്. ദക്ഷിണാഫ്രിക്കയിൽ നിന്നും ചരക്കുവിമാനത്തിന്റെ മുൻ ചക്രത്തിനിടയിൽ ഒളിച്ചിരുന്ന് അയാൾ പറന്നത് നെതർലാൻഡ്സ് വരെ. കാർഗോലക്സ് ബോയിങ് 747 വിമാനത്തിന്റെ ചക്രത്തിനിടയിൽ നിന്നും ഇയാളെ കണ്ടെത്തിയതായി ഡച്ച് മിലിറ്ററി പൊലീസാണ് അറിയിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബർഗിൽ നിന്നും പറന്നുയർന്ന വിമാനം, കെനിയയിലെ നെയ്റോബിയിലും ഇറങ്ങിയശേഷമാണ് ആംസ്റ്റർഡാമിലെത്തുന്നത്. ഇത്രയും സമയം ഇയാൾ ചക്രത്തിനിടയിൽ തന്നെയായിരുന്നു.
ഇതുവരെ പേരും വയസ്സും പൗരത്വവും വെളീപ്പെടുത്താത്ത ഈ മനുഷ്യൻ ജീവനോടെ ഇരിക്കുന്നു എന്നത് തികച്ചും ഒരു അദ്ഭുതകരമായ കാര്യമാണെന്നാണ് ഡച്ച് പൊലീസിന്റെ വക്താവ് പറഞ്ഞത്. ഇത്രയധികം ഉയരത്തിൽ പറക്കുമ്പോഴുണ്ടാകുന്ന തണുപ്പും അന്തരീക്ഷ മർദ്ദ വ്യത്യാസവും ഒരാൾ അതിജീവിക്കുക എന്നത് ഒരു സ്വപ്നത്തിനു തുല്യമായി മാത്രമേ കണക്കാക്കാൻ കഴിയൂ എന്നാണ് അവർ പറഞ്ഞത്. ഷിഫോൾ വിമാനത്താവളത്തിന്റെ വെബ്സൈറ്റിലെ രേഖകൾ പ്രകാരം ഈ വിമാനം മണിക്കൂറിൽ 550 മൈൽ വേഗതയിൽ 35,0000 അടി ഉയരത്തിലാണ് സഞ്ചരിച്ചത്.
35,000 അടി ഉയരത്തിലെ സാധാരണ അന്തരീക്ഷ താപനില മൈനസ് 54 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. മാത്രമല്ല, സമുദ്രനിരപ്പിൽ ഉള്ളതിനേക്കാൾ 25 ശതമാനത്തോളം ഓക്സിജൻ കുറവുമായിരിക്കും ഈ ഉയരത്തിൽ ഹൈപോക്സിയ, ഫ്രോസ്റ്റ്ബൈറ്റ്, ഹൈപോതെർമിയ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കാവുന്ന സാഹചര്യമാണിത്. മാത്രമല്ല, ഇത്തരത്തിൽ ചരക്ക് വിമാനങ്ങളിലെ ചക്രങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നവർക്ക്, വിമാനം പറന്നുയരുന്ന സമയത്ത് ചക്രങ്ങൾ അകത്തേക്ക് വലിയുമ്പോൾ ചതഞ്ഞരയുവാനോ അല്ലെങ്കിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ അവ തുറക്കുന്നതുമൂലം ഉയരത്തിൽ നിന്നും വീണ് മരണമടയുവാനും സാധ്യതയുണ്ട്.
എന്നിരുന്നാലും, ഇത്തരത്തിൽ യാത്രചെയ്യുന്നവരിൽ ചിലരെങ്കിലും രക്ഷപ്പെടാറുണ്ട്. ഇപ്പോൾ ആംസ്റ്റർഡാമിൽ എത്തിയ വ്യക്തിയും സുരക്ഷിതമായി ഇരിക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. അയാൾ ആശുപത്രിയിൽ തന്നെയാണ് ഇപ്പോഴും. ചക്രത്തിനടിയിൽ ഒളിച്ചിരുന്ന് ഒരാൾ യാത്രചെയ്ത കാര്യം വിമാനക്കമ്പനിയായ കാർഗോലക്സ് ഇറ്റാലിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ അധികൃതരും വിമാനക്കമ്പനിയും അന്വേഷണങ്ങൾ പൂർത്തിയാക്കുന്നതു വരെ ഇതുസംബന്ധിച്ച് ഒന്നും പറയാൻ ആവില്ല എന്നായിരുന്നു കമ്പനിയുടെ വക്താവ് പറഞ്ഞത്. വിമാനത്താവളാധികൃതരും ഇതിനെ കുറിച്ച് കൂടുതലെന്തെങ്കിലും പറയാൻ വിസമ്മതിച്ചു.
മറുനാടന് മലയാളി ബ്യൂറോ