കണ്ണൂർ: കൊലക്കത്തി വലിച്ചെറിയൂ മാനവികതയുടെ കൊടിയുയർത്തൂ - കോൺഗ്രസ് കിമിനൽ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ഒന്നിക്കു' എന്ന സന്ദേശമുയർത്തി സി.പി. എം 73-ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധ വെബ് റാലി സംഘടിപ്പിക്കുന്നു. സി.പി. എം കണ്ണൂർ ജില്ലാകമ്മിറ്റിയുടെ യൂടൂബ് ചാനൽ, ഫേസ് ബുക്ക് പേജ് എന്നിവ വഴി വൈകുന്നേരം ഏഴുമണിക്കാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാസെക്രട്ടറി എം.വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് സാഹചര്യത്തിൽ നടത്തുന്ന പ്രതിഷേധ വെബ് റാലി കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ജനകീയ പ്രതിഷേധമാണെന്നും മുഴുവൻ ജനാധിപത്യവിശ്വാസികളും രാഷ്ട്രീയത്തിനതീതമായി ഈ പരിപാടിയോട് ഐക്യാർഢ്യം പ്രഖ്യാപിക്കണമെന്നും എം.വി ജയരാജൻ അഭ്യർത്ഥിച്ചു.

ജനുവരി 10ന് ഇടുക്കി ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകനായ ധീരജിനെ പുറമെ നിന്നും വന്ന കോൺഗ്രസ് ക്രിമിനൽ സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. എസ്.എഫ്.ഐ. പ്രവർത്തകരായ 35 പേരാണ് ഇതുവരെ കലാലയങ്ങളിൽ വെച്ച് കോൺഗ്രസ്സ് അടക്കമുള്ള ക്രിമിനൽ രാഷ്ട്രീയക്കാരുടെ കൊലക്കത്തിക്കിരയായത്.

ധീരജിന്റെ കൊലപാതകമാവട്ടെ, ബോധപൂർവ്വം സംഘർഷം ഉണ്ടാക്കണമെന്ന ലക്ഷ്യമിട്ടുകൊണ്ടുള്ള ഒന്നാണ്. സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്നതിനു ശേഷമാണ് ആസൂത്രിത കൊലപാതകം അരങ്ങേറിയത്. കൊലയ്ക്ക് ശേഷവും ധീരജിന്റെ കുടുംബത്തെ പരസ്യമായി അപമാനിക്കുകയായിരുന്നു കെപിസിസി. പ്രസിഡന്റും മറ്റു യുഡിഎഫ് നേതാക്കളും. 'ധീരജ് ഇരന്നുവാങ്ങിയ മരണമാണെന്നും കൊലയാളിയെ സംരക്ഷിക്കുമെന്നുമുള്ള' കെപിസിസി. പ്രസിഡന്റിന്റെ ആദ്യ പ്രതികരണത്തിന് കൊലക്കത്തിയെക്കാൾ മൂർച്ചയുണ്ടായിരുന്നു.

ധീരജിന്റെ കോൺഗ്രസ്സുകാരനായിരുന്ന പിതാവിന്റെ വേദന കാണാൻ പോലും ക്രിമിനൽ രാഷ്ട്രീയം മാത്രം കൈമുതലാക്കിയ കെപിസിസി. പ്രസിഡന്റിന് സാധിച്ചില്ല. ചോരക്കൊതി മൂത്ത ആർഎസ്എസ്സിന്റെ സയാമീസ് ഇരട്ടയാണ് കോൺഗ്രസ് എന്ന് ധീരജിന്റെ കൊലപാതകം തെളിയിച്ചു.കേരളത്തിലാകെ സി.പി. എമ്മിന്റെ 588 പ്രവർത്തകരെയാണ് രാഷ്ട്രീയ എതിരാളികൾ അരുംകൊലചെയ്തത്.

അതിൽ 169 പേരും കണ്ണൂർ ജില്ലയിലാണ്. രണ്ട് വർഷത്തിനിടയിൽ 9 പേരെയാണ് കേരളത്തിൽ കോൺഗ്രസ്സും ആർഎസ്എസ്സും ലീഗും കൊലപ്പെടുത്തിയത്. 5 പേരെ കോൺഗ്രസ്സുകാരും 3 പേരെ ആർഎസ്എസ്സും ഒരാളെ ലീഗുകാരുമാണ് കൊലപ്പെടുത്തിയത്. ഏകപക്ഷീയമായ ഈ കൊലപാതകങ്ങൾ നടന്നപ്പോഴെല്ലാം സി.പി. എം കൊലയ്ക്ക് കൊലയെന്ന സമീപനം സ്വീകരിച്ചില്ല, പ്രത്യാക്രമണം നടത്തിയില്ല.

നാട്ടിൽ സമാധാനമുണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങളെ അണിനിരത്തി പ്രതിഷേധം ഉയർത്തിക്കൊണ്ടുവരികയാണ് സി.പി. എം ചെയ്തത്. കോവിഡ് സാഹചര്യത്തിൽ നടത്തുന്ന പ്രതിഷേധ വെബ് റാലി അത്തരമൊരു ജനകീയ പ്രതിഷേധമാണ്. പരിപാടിയിൽ എല്ലാവരും അണിചേർന്ന് കൊലപാതകരാഷ്ട്രീയത്തിനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ജയരാജൻ അഭ്യർത്ഥിച്ചു.