ന്യൂഡൽഹി: പത്മഭൂഷൺ പുരസ്‌കാരം നിരസിച്ച് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. 'പത്മഭൂഷൺ അവാർഡിനെക്കുറിച്ച് എനിക്ക് അറിയില്ല. ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല. എനിക്ക് അവർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ നിരസിക്കുന്നു' ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു.

പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു. 

ദീർഘകാലം ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് 78-ാം വയസിലാണ് പത്മ ഭൂഷൻ പുരസ്‌കാരം ലഭിക്കുന്നത്. 2011ൽ മമതാ ബാനർജി അധികാരം പിടിച്ചെടുക്കുന്നതുവരെ പശ്ചിമബംഗാൾ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് നേതാക്കൾക്ക് നേരത്തേയും സർക്കാരുകൾ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും അവർ സ്വീകരിച്ചിട്ടില്ല. ഹിരൺ മുഖർജി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതിബസു തുടങ്ങിയവർക്ക് നേരത്തേ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നാണ് കേന്ദ്രസർക്കാർ പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്മവിഭൂഷൺ പുരസ്‌കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്കാണ് പത്മഭൂഷൺ. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും പത്മവിഭൂഷൺ പ്രഖ്യാപിച്ചു. സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി കിട്ടി. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പത്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ.

വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പത്മശ്രീ നേടിയ മറ്റൊരു മലയാളി. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് പത്മശ്രീ ലഭിച്ച മറ്റുള്ളവർ. കെവി റാബിയ - സാമൂഹ്യ പ്രവർത്തനം, ചുണ്ടയിൽ ശങ്കരനാരായണൻ മേനോൻ - കായികം

128 പേർക്കാണ് ഇത്തവണ പത്മപുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. 4 പേർക്കാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ പത്മവിഭൂഷൺ സമ്മാനിക്കുന്നത്. 17 പേർക്ക് പത്മഭൂഷണും 107 പേർക്ക് പത്മശ്രീയും സമ്മാനിക്കും.

പുരസ്‌കാര ജേതാക്കളിൽ 34 പേർ സ്ത്രീകളും 10 പേർ വിദേശികളുമാണ് (എൻ.ആർ.ഐ, പി.ഐ.ഒ, ഒ.സിഐ). 13 പേർക്ക് മരണാനന്തര ബഹുമതിയായും പുരസ്‌കാരം സമർപ്പിക്കും.

ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് പത്മവിഭൂഷൺ പുരസ്‌ക്കാരത്തിന് അർഹനായി. മരണാനന്തര ബഹുമതിയായാണ് റാവത്തിന് പത്മവിഭൂഷൻ സമർപ്പിക്കുന്നത്. റാവത്തിനെ കൂടാതെ പ്രഭ ആത്രെ, രാധേശ്യാം ഖെംക (മരണാനന്തരം), കല്യാൺ സിങ് (മരണന്തരം) എന്നിവരും പത്മവിഭൂഷൺ പുരസ്‌ക്കാരത്തിന് അർഹനായി.

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, വിക്ടർ ബാനർജി, ഗുർമീത് ബാവ, നടരാജൻ ചന്ദ്രശേഖരൻ, കൃഷ്ണ എല്ല-സുചിത്ര എല്ല, മധുർ ജാഫ്രി, ദേവേന്ദ്ര ഝഝാര്യ, റാഷിദ് ഖാൻ, രാജിവ് മെഹർഷി, മൈക്രോസോഫ്റ്റ് സിഇഒ സത്യനാരായണ നാദെല്ല, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, സൈറസ് പൂണെവാല, സഞ്ജയ രാജാറാം, പ്രതിഭ റേ, സ്വാമി സച്ചിതാനന്ദ്, വസിഷ്ഠ് ത്രിപാഠി എന്നിവരായിരുന്നു ബുദ്ധദേവിനൊപ്പം പത്മഭൂഷൺ പുരസ്‌ക്കാരത്തിന് അർഹരായിരുന്നത്.