ന്യൂഡൽഹി: കർണാടകയിൽ മഹീന്ദ്ര ഷോ റൂമിൽ ലുക്ക് പോരെന്ന് പറഞ്ഞ് ബൊലേറോ പിക്ക് അപ്പ് വാൻ വാങ്ങാൻ എത്തിയ കർഷകനെ സെയിൽസ്മാൻ മടക്കി അയച്ച സംഭവത്തിൽ പ്രതികരണവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർപേഴ്‌സൻ ആനന്ദ് മഹീന്ദ്ര. വ്യക്തികളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെയും പങ്കാളികളുടേയും ഉന്നമനമാണ് മഹീന്ദ്രയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വ്യക്തികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നത് അതിപ്രധാനമാണ്. ഇതിൽ വീഴ്ചയുണ്ടായാൽ എത്രയും പെട്ടന്ന് പരിശോധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര സിഇഒ വീജയ് നക്രയുടെ ട്വീറ്റ് ഉൾപ്പെടുത്തിയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും ഉറപ്പു നൽകിയാണ് നക്രയുടെ ട്വീറ്റ്.

സംഭവം ഇങ്ങനെ:

ബൊലേറൊ പിക് അപ് വാഹനം വാങ്ങാൻ ഷോറൂമിലെത്തിയ വ്യക്തിയെ 'ലുക്ക്' നോക്കി വിലയിരുത്തിയ സെയിൽസ്മാനോട് കർഷകന്റെ മധുര പ്രതികാരം. വാഹനം വിൽക്കില്ലെന്ന് അറിയിച്ച് മടക്കി അയച്ച സെയിൽസ് മാനിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ വില നൽകി വാഹനം സ്വന്തമാക്കാനെത്തിയായിരുന്നു കർഷകന്റെ പ്രതികാരം. സംഭവത്തിന് പിന്നാലെ സെയിൽസ് മാൻ ഖേദ പ്രകടനവും നടത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കർണാടകയിലെ തുംകുരുവിൽ വെള്ളിയാഴ്ചയാണ് സംഭവം. ഷോറൂമിലെത്തിയ കർഷകനോട് കാറിന്റെ വില 10 ലക്ഷം രൂപയാണെന്നും, 'നിങ്ങളുടെ പോക്കറ്റിൽ 10 രൂപ പോലും ഉണ്ടായിരിക്കില്ല'. എന്നുമായിരുന്നു മുൻവിധിയോടെ സെയിൽസ്മാന്റെ പ്രതികരണം. കർഷകന്റെ രൂപമായിരുന്നു അദ്ദേഹം പുറത്താക്കാൻ കാരണമെന്നായിരുന്നു കർഷകനും സുഹൃത്തുക്കളും സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.വാക്കുതർക്കത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ പണം കൊണ്ടുവന്നാൽ എസ്യുവി ഡെലിവറി ചെയ്യാൻ തയ്യാറാവുമോ എന്നായിരുന്നു കർഷകർ സെയിൽസ്മാനെ വെല്ലുവിളിക്കുകയും ചെയ്തു.

ഇതിന് ശേഷമായിരുന്നു കർഷകൻ പണവുമായെത്തിയത്. എന്നാൽ വാഹനത്തിനായി നീണ്ട ബുക്കിങ് ലിസ്റ്റ് ഉണ്ടായിരുന്നതിനാൽ പണം നൽകിയ ഉടനെ വാഹനം ഡെലിവറി ചെയ്യാൻ സാധിക്കുമായിരുന്നില്ല. നാല് ദിവസം വേണമെന്ന് അറിയിച്ചതോടെ കർഷകനും സുഹൃത്തുക്കളും സെയിൽസ്മാനോട് ഖേദം പ്രകടിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിഷയം രൂക്ഷമായ തർക്കത്തിലേക്ക് നീണ്ടതോടെ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വിന്നിട്ടുണ്ട്.