ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതിൽ പരോക്ഷ വിമർശനം ഉയർത്തി മുതിർന്ന നേതാവ് ജയറാം രമേശ്.പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചതിലൂടെ പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്ന് ജയറാം രമേശ് പറഞ്ഞു. ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. ''He wants to be Azad not Ghulam' എന്നാണ് ട്വീറ്റ്.

പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു. മുതിർന്ന സംഗീതജ്ഞ സന്ധ്യ മുഖോപാധ്യായയും പത്മശ്രീ പുരസ്‌കാരം നിരസിച്ചു.

കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടെയാണ് ജമ്മു കശ്മീരിൽ നിന്നുള്ള മുതിർന്ന നേതാവായ ഗുലാം നബി ആസാദിന് കേന്ദ്രസർക്കാർ പത്മ പുരസ്‌കാരം നൽകുന്നത്. കോൺഗ്രസിന്റെ സംഘടനാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ പ്രധാനിയാണ് ആസാദ്. അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം അവസാനിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വികാരപരമായ പ്രസംഗം വാർത്താപ്രാധാന്യം നേടിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞ് ജമ്മുകശ്മീരിൽ ശക്തിപ്രകടനത്തിനൊരുങ്ങുന്നതിനിടയിലാണ് ആസാദിന് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നാണ് കേന്ദ്രസർക്കാർ പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്മവിഭൂഷൺ പുരസ്‌കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്കാണ് പത്മഭൂഷൺ. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും പത്മവിഭൂഷൺ പ്രഖ്യാപിച്ചു. സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി കിട്ടി. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പത്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ.