ന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ തന്റെ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തിയെന്ന പ്രചാരണം നിഷേധിച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തനിക്കെതിരേ ചിലർ കുപ്രചരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'ആശയക്കുഴപ്പം സൃഷ്ടിക്കാൻ ചിലർ കുപ്രചരണങ്ങൾ നടത്തുകയാണ്. എന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ഒന്നും നീക്കം ചെയ്യുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടില്ല. നേരത്തെ ഉണ്ടായിരുന്നതു പോലെത്തന്നെയാണ് പ്രൊഫൈൽ ഇപ്പോഴുമുള്ളത്.' ഗുലാം നബി ആസാദ് ട്വീറ്റ് ചെയ്തു.

ഹൈക്കമാൻഡുമായി ഇടഞ്ഞുനിൽക്കുന്ന ഗുലാംനബി ആസാദിന് നൽകിയ പുരസ്‌കാരം കോൺഗ്രസിനുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിന്റെ സംഘടനാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ പ്രധാനിയാണ് ആസാദ്. അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം അവസാനിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വികാരപരമായ പ്രസംഗം വാർത്താപ്രാധാന്യം നേടിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞ് ജമ്മുകശ്മീരിൽ ശക്തിപ്രകടനത്തിനൊരുങ്ങുന്നതിനിടയിലാണ് ആസാദിന് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗുലാം നബി ആസാദിന് ഭരണകക്ഷിയായ ബിജെപിയോടുള്ള അടുപ്പം വർധിക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. പാർട്ടിയിൽ വലിയ പരിഷ്‌കാരങ്ങളും മുഴുവൻ സമയ നേതൃത്വവും ആവശ്യപ്പെട്ട് 2020ൽ സോണിയ ഗാന്ധിക്ക് കത്തെഴുതിയ കോൺഗ്രസിലെ 'ജി-23'യിലെ പ്രമുഖ അംഗമായ ആസാദ് അന്നു മുതൽ കോൺഗ്രസിലെ നോട്ടപ്പുള്ളി ആയിരുന്നു

ഗുലാം നബി ആസാദിനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പത്മപുരസ്‌കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമാണെന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. ബുദ്ധദേബ് അടിമായാകാനല്ല (ഗുലാം), സ്വതന്ത്രനാവാനാണ് (ആസാദ്) ആഗ്രഹിക്കുന്നത് എന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. അതേ സമയം ഗുലാം നബി ആസാദിനെ അഭിനന്ദിച്ചും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും കോൺഗ്രസ് നേതാവ് കബിൽ സിബൽ രംഗത്തെത്തിയിരുന്നു.