- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം നടത്തിയ 17 സിഐ.എസ്.എഫ്. ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക്
മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി 17 സിഐ.എസ്.എഫ്. ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക്. ദുബായിൽനിന്ന് 184 യാത്രക്കാരും ആറു ജീവനക്കാരുമായെത്തിയ വിമാനം 2020 ഓഗസ്റ്റ് ഏഴിന് രാത്രി 7.40ഓടെയാണ് റൺവേയിൽനിന്നു നിയന്ത്രണംവിട്ട് താഴേക്കുപതിച്ചത്.
ഇൻസ്‌പെക്ടർ ജിതേന്ദ്രകുമാർ, എസ്‌ഐ.മാരായ പി. മുരളീധരൻ, പ്രവീൺ അശോക് പവാർ, എസ്‌പി. സഞ്ജയ്, എഎസ്ഐ.മാരായ ശുഭേന്ദു വിക്രം സിങ്, നിധിൻഷാ, കോൺസ്റ്റബിൾമാരായ ജോഷി ജോസഫ്, എസ്. അജീഷ്, കെ. അഭിലാഷ്, സി. ഷിനോജ്, കുമാർ ബ്യല്യാൽ, എ. സമ്പത്ത്, അലേഖ പൂജാരി, കെ. റിജിൻരാജ്, എം.ഡി. അഷ്ഫാഖ്, സന്ദീപ് യാദവ്, പിങ്കു ഒറൗൺ എന്നിവരാണ് ബഹുമതിക്കർഹരായത്.
ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാൻഡിങ്ങിന് ഇടയിൽ നിയന്ത്രണം നഷ്ടമായി റൺവേയിൽ നിന്നും താഴേക്ക് പതിച്ചാണ് ആയിരുന്നു അപകടം. കോവിഡ് പ്രതിസന്ധിയടക്കമുള്ള പ്രതികൂലസാഹചര്യത്തിൽ കരിപ്പൂരിൽ നടന്ന രക്ഷാപ്രവർത്തനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരിൽ കൂടുതലും. ലാൻഡിംഗിനായുള്ള പൈലറ്റിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. റൺവേയിൽ നിന്നും വിമാനം താഴ്ചയിലേക്ക് പതിച്ചു. പരിക്കേറ്റവരിൽ പലരും ഇന്നും ചികിത്സയിലാണ്.
മറുനാടന് മലയാളി ബ്യൂറോ