- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്തയെ ദുർബലമാക്കി അഴിമതിക്കാരെ സംരക്ഷിക്കാൻ ഇടതു സർക്കാർ ശ്രമിക്കുന്നു - വെൽഫെയർ പാർട്ടി
തിരുവനന്തപുരം : ലോകായുക്തയെ വിവാദ ഓർഡിനൻസിലൂടെ ദുർബലപ്പെടുത്തി ഇടതു സർക്കാറിലെ അഴിമതിക്കാരായ ജനപ്രതിനിധികളെയും നേതാക്കളെയും സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭരണഘടനയെ അട്ടിമറിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അമിതാധികാര പ്രയോഗം നടത്താനുമാണ് പ്രസ്തുത ഓർഡിനൻസിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ചട്ടവിരുദ്ധമായി ബന്ധുനിയമനം നടത്തിയതുമായി ബന്ധപ്പെട്ട ലോകായുക്തയുടെ സജീവമായ ഇടപെടൽ സർക്കാറിനെ അസ്വസ്ഥരാക്കിയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിക്ക് കീഴിലെ ഒരു നാമമാത്ര സ്ഥാപനമാക്കി ലോകായുക്തയെ മാറ്റുവാനാണ് സർക്കാർ ശ്രമിക്കുന്നത്.
ലോകായുക്ത നിയമനത്തിലും ലഘൂകരണം കൊണ്ടുവന്ന് നിയമനങ്ങൾ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളും പ്രതിഷേധാർഹമാണ്. പൗരസമൂഹത്തെയും നിയമസഭയെയും നോക്കുകുത്തിയാക്കി അടിയന്തിര ഓർഡിനൻസിലൂടെ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നവരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന്റെ നീക്കം ഭരണഘടന വിരുദ്ധമാണ്. ലോകായുക്തയെ കുറിച്ചുള്ള വിശദമായ ചർച്ച നിയമസഭയിൽ നടത്താൻ സർക്കാർ തയ്യാറാകണം. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഓർഡിനൻസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.