കോഴിക്കോട്: അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു ആൾക്കൂട്ട ആക്രമണത്തെത്തുടർന്ന് മരണപ്പെട്ട കേസിൽ വിചാരണ വൈകിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയിൽ നടക്കുന്ന വിചാരണയിൽ മധുവിനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവാൻ തയ്യാറാവാത്തത് നീതികേടാണ്. 2018 ഫെബ്രുവരി 22 ന് നടന്ന ക്രൂരമായ കൊലപാതകത്തിൽ 2018 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.

കേസിൽ പ്രതികളായ 16 പേരും ഇപ്പോൾ ജാമ്യത്തിലാണ്. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുൾപ്പെടെ കൃത്യമായ തെളിവുകളാണ് കേസിനുള്ളത്. കേസിൽ ഹാജരാകുന്നതിന് വിസമ്മതം അറിയിച്ച് പബ്ലിക് പ്രോസിക്യൂട്ടർ നേരത്തേ സർക്കാരിന് കത്ത് നൽകിയിരുന്നെങ്കിലും വിഷയം സർക്കാർ വേണ്ടത്ര ഗൗരവത്തിലെടുക്കാതിരുന്നത് പ്രതിഷേധാർഹമാണ്. വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ചാണ് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. അടിസ്ഥാന ജനതയ്ക്ക് നീതി ഉറപ്പാക്കുന്നതിൽ ഭരണകൂടം പുലർത്തുന്ന കുറ്റകരമായ അനാസ്ഥയാണ് ഈ കേസിൽ പ്രകടമാകുന്നതെന്നും വിചാരണ ഉടൻ പൂർത്തിയാക്കുന്നതിന് സത്വര ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാവണമെന്നും കെ കെ അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു.