ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന സൂചന നൽകി രാഹുൽ ഗാന്ധി. പ്രവർത്തകരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും രാഹുൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ രണ്ട് പേർക്ക് ചേർന്ന് പാർട്ടിയെ നയിക്കാൻ സാധിക്കില്ലെന്നും ഒരാൾക്ക് മാത്രമേ കഴിയൂ എന്നും നവ്ജ്യോത് സിങ് സിദ്ദു, ചരൺജിത് സിങ് ചന്നി പ്രശ്നത്തെ സൂചിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

'ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന നിങ്ങളുടെ ആവശ്യം ഞങ്ങൾ എത്രയും വേഗം നിറവേറ്റും. സാധാരണ ഗതിയിൽ ഞങ്ങൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ല. പക്ഷേ കോൺഗ്രസ് പ്രവർത്തകർക്ക് ആവശ്യമെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഞങ്ങൾ പ്രഖ്യാപിക്കും. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകരുമായി ആലോചിക്കും. അവർ തീരുമാനിക്കും'- രാഹുൽ ജലന്ധറിൽ പറഞ്ഞു.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിദ്ദുവും മുഖ്യമന്ത്രി ചരൺജിത് ചന്നിയും തമ്മിലുള്ള തർക്കങ്ങൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് ഇരുവരേയും വേദിയിൽ ഇരുത്തിക്കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് പേർക്കും ചേർന്ന് തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ സാധിക്കില്ല. ഒരാൾക്ക് മാത്രമേ കഴിയൂ. ഒരാൾ നേതൃത്വം നൽകിയാൽ മറ്റൊരാൾ എല്ലാ പിന്തുണയും നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരുവരുടെയും ഹൃദയത്തിൽ കോൺഗ്രസുണ്ടെന്നും രാഹുൽ പറഞ്ഞു.

ഫെബ്രുവരി 14ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നായിരുന്നു കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ മറിച്ചൊരു തീരുമാനം ഉണ്ടാകുമെന്നാണ് രാഹുൽ ഗാന്ധി ഇപ്പോൾ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്