- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപതാക ഉപയോഗം: ജനപ്രതിനിധികൾക്കു ബോധവൽക്കരണവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
കോട്ടയം: ദേശീയപതാക, ദേശീയഗാനം തുടങ്ങിയവ എങ്ങനെ ഉപയോഗിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ജനപ്രതിനിധികളെയും സർക്കാർ ഉദ്യോഗസ്ഥരെയും ബോധവൽക്കരിക്കാനുള്ള പദ്ധതിക്കു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തുടക്കം കുറിച്ചു. കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തിൽ മന്ത്രി ദേശീയപതാക തല തിരിച്ചു ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബോധവൽക്കരണ യജ്ഞത്തിന് ഫൗണ്ടേഷൻ തുടക്കമിട്ടതെന്ന് ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.
ദേശീയപതാക ഉയർത്തിയപ്പോഴും ദേശീയഗാനം ആലപിച്ചപ്പോഴും വ്യാപകമായി തെറ്റുകൾ വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌കൂൾ ഓഫ് റൈറ്റ്‌സ് ആൻഡ് ഡ്യൂട്ടീസിന്റെ ആഭിമുഖ്യത്തിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ, നാഷണൽ ഹോണർ ആക്ട്, നെയിംസ് ആൻഡ് എംബ്‌ളംസ് ആക്ട് തുടങ്ങിയവയ്ക്കു അനുസൃതമായ കാര്യങ്ങൾ ബോധവൽക്കരണ പരിപാടിയിലൂടെ വിശദീകരിക്കും.
ദേശീയപതാക ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ദേശീയഗാനം ആലപിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുത്തി പി ഡി എഫ് രൂപത്തിൽ തയ്യാറാക്കുന്ന ലഘുലേഖകൾ ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഇ മെയിൽ, വാട്ട്‌സ് ആപ്പ് വഴി അയച്ചു നൽകാനാണ് തീരുമാനം. എം പിമാർ, എം എൽ എമാർ, തുടങ്ങി പഞ്ചായത്ത് അംഗങ്ങൾവരെയുള്ള ജനപ്രതിനിധികൾക്കും രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർക്കും ഇവ സൗജന്യമായി ലഭ്യമാക്കും.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ദേശീയപതാകയുടെ ഉപയോഗവും ദേശീയഗാനാലാപനത്തിന്റെ ചട്ടങ്ങളും വ്യക്തമായി അറിയാൻ പാടില്ലെന്നത് നിരാശാജനകമാണ്. 52 സെക്കന്റ് മാത്രമുള്ള ഇന്ത്യൻ ദേശീയഗാനം പല നേതാക്കൾക്കും കൃത്യമായി പാടാനറിയില്ലെന്നത് ദുഃഖകരമാണ്. ദേശീയഗാനത്തെയും ദേശീയപതാകയെയും ആദരിക്കുകയെന്നത് ഓരോ ഇന്ത്യൻ പൗരന്റെയും മൗലിക കടമയാണ്. ഇതു മറന്നാണ് പലപ്പോഴും ദുരുപയോഗം. ദേശീയപതാകയുടെയും ദേശീയഗാനത്തിന്റെയും ദുരുപയോഗം വ്യാപകമാണ്. 1999ൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതി റിട്ട് ഹർജിയായി പരിഗണിച്ച് ബോധവൽക്കരണം നടത്തണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നു ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഇ മെയിലിൽ ദേശീയപതാക ഉപയോഗക്രമം മന്ത്രിമാർക്കും എം എൽ എ മാർക്കും എം പി മാർക്കും അയച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. അഡ്വ ആഷ്മി ജോസ്, സുമിത കോര, അനൂപ് ചെറിയാൻ, സാംജി പഴേപറമ്പിൽ, ബിനു പെരുമന, വിഷ്ണു കെ ആർ, ജോബി മാത്യു, അമൽ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. റിപ്പബ്‌ളിക് ദിനത്തിൽ ദേശീയ ബോധമുയർത്തിയ തൃശൂർ ചേർപ്പ് സി എൻ എൻ സ്‌കൂളിന് ആദരവ് നൽകാനും തീരുമാനിച്ചു.