ന്യൂഡൽഹി: അയൽവാസിയായ യുവാവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഡൽഹിയിൽ യുവതി കൂട്ടബലാത്സംഗത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായ സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതിയുടെ സഹോദരി. യുവതിയെ കഴിഞ്ഞ വർഷം നവംബർ മുതൽ തന്നെ അയൽവാസികളായ കുറ്റവാളികൾ തുടർച്ചയായി വേട്ടയാടിയിരുന്നതായാണ് ഇളയ സഹോദരിയുടെ വെളിപ്പെടുത്തൽ. അയൽവാസിയായ യുവാവിന്റെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് അയാൾ ആത്മഹത്യ ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നതെന്നും ഇരയുടെ സഹോദരി പറയുന്നു.

ആത്മഹത്യക്ക് യുവതിയോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ യുവാവിന്റെ കുടുംബമാണ് ആക്രമണത്തിന് പിന്നിലെന്നും സഹോദരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച്‌കൊണ്ട് ഇരുപത് വയസുകാരിയെ അയൽക്കാരിൽ ചിലർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ശേഷം ജനങ്ങൾ നോക്കി നിൽക്കെ മുഖത്ത് കരിപൂശി, മൊട്ടയടിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുവാവിന്റെ ആത്മഹത്യക്ക് ശേഷം യുവതി നിരന്തരമായി ഭീഷണികൾ നേരിട്ടിരുന്നത്രേ. ഓരോ തവണ ഭീഷണിപ്പെടുത്തുമ്പോഴും അവർ പൊലീസിനെ അറിയിക്കുകയും പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ സഹോദരിക്ക് നേരെ ഇത്രയും ക്രൂരമായ ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സഹോദരി പറഞ്ഞു.

'എന്റെ സഹോദരിയോട് അവർ ആ ക്രൂരത ചെയ്യുമ്പോൾ ആരും ഞങ്ങളെ സഹായിക്കാനെത്തിയില്ല, ഭയം കാരണം, അയൽവാസികളും അവളുടെ രക്ഷക്കെത്തിയില്ല,' സഹോദരി പറഞ്ഞു, എങ്കിലും ഒരുവിധത്തിൽ പൊലീസിനെ താൻ വിവരമറിയിച്ചെന്നും അതിലൂടെ യുവതിയെ രക്ഷിക്കാൻ കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.

ബുധനാഴ്ച കടയിൽ സാധനം വാങ്ങാൻ പോയ യുവതിയെ തന്റെ കൺമുന്നിൽ വച്ചാണ് ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരി ആരോപിച്ചു. പൊലീസിൽ പരാതിപ്പെടാതിരിക്കാൻ അവർ മൊബൈൽ പിടിച്ചുവെച്ചിരുന്നു. ബലം പ്രയോഗിച്ച് ഓട്ടോ റിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയും വാഹനത്തിൽ വെച്ച് തന്നെ അവളുടെ മുടി വെട്ടി, പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് സഹോദരി പറഞ്ഞു. ഭാര്യയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി വീട്ടുടമസ്ഥൻ പറഞ്ഞിട്ടാണ് യുവതിയുടെ ഭർത്താവറിയുന്നത്. അവർക്ക് മൂന്ന് വയസ്സുള്ള മകനുമുണ്ട്.

കിഴക്കൻ ഡൽഹിയിലെ ഷാഹ്ദറയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ ശേഷം മുടി മുറിക്കുകയും, മുഖത്ത് കരി ഓയിൽ ഒഴിക്കുകയും ചെയ്തു. അതിനുശേഷം ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. കൂട്ടത്തോടെയെത്തിയ സ്ത്രീകൾ യുവതിയെ മർദ്ദിക്കുന്നതിന്റെയും ബഹളമുണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാളാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.

സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ നടപടി ആവശ്യപ്പെട്ട് പൊലീസിന് കത്തയച്ചിട്ടുണ്ടെന്ന് ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. യുവതിക്ക് സാധ്യമായ എല്ലാ സഹായവും കൗൺസിലിംഗും നൽകുമെന്ന് ഡൽഹി പൊലീസും അറിയിച്ചിരുന്നു.