മുംബൈ: റെയിൽവെ സ്റ്റേഷനിലെ ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് കാണാതായ നാല് കുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി അമ്മക്കരികിൽ തിരിച്ചെത്തിച്ച് മുംബൈ പൊലീസ്.

ജനുവരി 26 ന് താനെ പാൽഘാർ ജില്ലയിലെ മീരാ ഭയന്ദർ-വസായ് വിരാർ പൊലീസ് കമ്മീഷണറേറ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സബ് ഇൻസ്‌പെക്ടർ ഉജ്ജ്വൽ ആർകെയുടെ സമയോചിതമായ ഇടപെടലാണ് ആറിനും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.


റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി മീരാ റോഡ് മുതൽ ഗെയ്റ്റ് വേ ഓഫ് ഇന്ത്യ വരെ സൈക്കിൾ സവാരി നടത്തിയ എം.ബി.ബി.വി പൊലീസ് അംഗങ്ങൾ തിരിച്ച് വരുമ്പോൾ ചർച്ച് ഗേറ്റ് റെയിൽവെ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറുകയായിരുന്നു. അന്ധേരി സ്റ്റേഷനിൽ എത്തിയപ്പോളാണ് രണ്ട് സ്ത്രീകൾ കരഞ്ഞുക്കൊണ്ട് ട്രെയിനിൽ കയറുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

കാര്യമന്വേഷിച്ചപ്പോൾ ഭർതൃ മാതാവിന്റെയും ആറിനും 11 നും ഇടയിൽ പ്രായമുള്ള നാല് മക്കളുടെയും കൂടെ ട്രെയിൻ കയറാൻ സ്റ്റേഷനിൽ നിൽക്കുകയായിരുന്നെന്നും വണ്ടി എത്തിയപ്പോൾ തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിൽ മക്കൾ കൈവിട്ടു പോവുകയായിരുന്നെന്നുമുള്ള വിവരം അവർ പൊലീസിനെ അറിയിച്ചു.

വിവരമറിഞ്ഞയുടൻ പൊലീസ് സബ് ഇൻസ്‌പെക്ടർ ഉജ്ജ്വൽ ആർക്കെ റെയിൽവേ കൺട്രോൾ റൂമിൽ ബന്ധപ്പെടുകയും തുടർന്ന് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ലോക്കൽ ട്രെയിൻ റൂട്ടിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരിലേക്കും വിവരമറിയിക്കുകയും ചെയ്തു. തിരച്ചിൽ ആരംഭിച്ച പൊലീസ് സംഘം ബോറിവാലി സ്റ്റേഷനിൽ വെച്ച് രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന നാല് കുട്ടികളെയും കണ്ടെത്തുകയായിരുന്നു.

തുടർന്ന മൂന്ന് ആൺക്കുട്ടികളും ഒരു പെൺക്കുട്ടിയുമടക്കം നാല് കുട്ടികളെയും പൊലീസ് മാതാവിനും മുത്തശ്ശിക്കും അരികിലെത്തിച്ചു. സമയോചിതമായി ഇടവെടുകയും കുട്ടികളെ കണ്ടെത്തുകയും ചെയ്തതിന ഉജ്ജ്വൽ ആർകെയെ അഭിനന്ദിക്കുകയാണ മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും.