മാഞ്ചസ്റ്റർ: ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിന് നന്ദിയറിയിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ. ഇന്ത്യയോടുള്ള സ്നേഹത്തിന് നന്ദിയറിയിച്ച് കൊണ്ടുള്ള മോദിയുടെ കത്തിനോട് പ്രതികരിച്ചാണ് പീറ്റേഴ്സന്റൺ ട്വീറ്റ് ചെയ്തത്.

'2003ൽ ഇന്ത്യ സന്ദർശിക്കാൻ തുടങ്ങിയ കാലം തൊട്ട് രാജ്യത്തോട് സ്‌നേഹം കൂടി വരികയാണെന്നും തനിക്കേറ്റവും പ്രിയപ്പെട്ടത് ഇന്ത്യയിലെ ജനങ്ങളാണെന്നും' കെവിൻ ട്വീറ്റ് ചെയ്തു.

''അഭിമാനകരവും ആഗോളതലത്തിൽ ഒരു ശക്തികേന്ദ്രവുമാണ് ഇന്ത്യ! ആഗോള തലത്തിൽ വന്യജീവികളെ സംരക്ഷിക്കുന്ന കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന രാജ്യമെന്ന നിലയിൽ ഉടൻ നേരിൽ കണ്ട് അഭിനന്ദനമറിയിക്കാൻ ഇരിക്കുകയാണ്! എന്റെ എല്ലാവിധ ഭാവുകങ്ങളും!'' -കെവിൻ ട്വീറ്റ് ചെയ്തു.

മോദി അയച്ച കത്ത് പങ്കുവെച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സും ക്രിസ് ഗെയ്‌ലും പ്രതികരണമറിയിച്ചതിന്റെ പുറകെയാണ് കെവിന്റെ ട്വീറ്റ്. ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്നവരും ഇന്ത്യൻ സംസ്‌കാരം പിന്തുടരുന്നവർക്കും പ്രധാനമന്ത്രി നേരിട്ട് കത്തയച്ചിരുന്നു.