- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലക്ടർ പറഞ്ഞിട്ടും മാറ്റാതെ കണ്ണൂർ സർവകലാശാലയിൽ യൂണിയൻ തിരഞ്ഞെടുപ്പ്; പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ച് എസ്.എഫ്.ഐയുടെ വിജയാഘോഷം; സംഘം ചേർന്ന് ആഹ്ലാദ പ്രകടനം നടത്തിയത് നിരവധി കോളേജ് വിദ്യാർത്ഥികൾ
കണ്ണൂർ: ജില്ലാ കളക്ടറുടെ നിർദ്ദേശം മറികടന്ന് കണ്ണൂലെ കണ്ണൂരിൽ കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തിയതിന് പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ച് എസ്എഫ്ഐ പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം. കൃഷ്ണമേനോൻ വനിതാ കോളേജ്, എസ്.എൻ കോളേജ് തുടങ്ങി നിരവധി കോളേജുകളിൽ വിദ്യാർത്ഥികൾ സംഘം ചേർന്ന് ആഹ്ലാദപ്രകടനം നടത്തി.
നൂറിലധികം ആളുകളാണ് ഓരോ പ്രകടനത്തിലും പങ്കെടുത്തത്. കണ്ണൂർ കൃഷ്ണമേനോൻ വനിതാകോളേജിൽ വിദ്യാർത്ഥിനികൾ ക്യാംപസിന് പുറത്തിറങ്ങി ദേശീയപാതയിലൂടെ പ്രകടനം നടത്തി.
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലാണ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. കോവിഡ് പശ്ചാത്തലത്തിൽ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് കണ്ണൂർ ജില്ല കലക്ടർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയായിരുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്നലെ വൈകുന്നേരം നൽകിയ മാർഗനിർദേശങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല.
തിരഞ്ഞെടുപ്പിനെത്തുന്നവർ വോട്ട് ചെയ്ത് തിരിച്ചുപോവണമെന്നും ആഹ്ലാദപ്രകടനം നടത്തരുതെന്നും തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഓൺലൈൻ ആയിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കൂടാതെ ബി കാറ്റഗറിയിലുൾപ്പെട്ട കണ്ണൂർ ജില്ലയിൽ പൊതുസ്ഥലത്ത് കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഇവയെല്ലാം ലംഘിക്കപ്പെട്ടാണ് കണ്ണൂർ നഗരത്തിലുൾപ്പെടെ എസ്എഫ്ഐ പ്രവർത്തകർ ആഹ്ളാദപ്രകടനവും റാലിയും നടത്തിയത്.
കോവിഡ് പോസിറ്റീവും ക്വാറന്റീനിലുമായ വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സജ്ജീകരണങ്ങൾ കോളജ് പ്രിൻസിപ്പൽമാർ ചെയ്ത് നൽകുമെന്നായിരുന്നു സർവകലാശാല അറിയിച്ചത്. എന്നാൽ കകർശന നിയന്ത്രണം നിലനിൽക്കുന്ന പ്രദേശത്ത് കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ചാണ് ഭരണമുന്നണിയിൽപ്പെട്ട വിദ്യാർത്ഥി സംഘടന സംഘം ചേർന്ന് ആഹ്ലാദ പ്രകടനം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ