കണ്ണൂർ: കണ്ണൂർ സർവകലാശാല കോളേജ് യൂനിയർ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ക്ക് മിന്നും ജയം. തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 53 സ്ഥലങ്ങളിൽ എസ് എഫ് ഐ വിജയിച്ചു. പത്തിലധികം കോളേജുകൾ മറ്റ് വിദ്യാർത്ഥി സംഘടനകളിൽ നിന്നും എസ്.എഫ്.ഐ പിടിച്ചെടുത്തു.

കണ്ണൂർ, കാസർകോഡ് ,വയനാട് ജില്ലകളിലായി വിദ്യാർത്ഥി സംഘടനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 53 ഇടങ്ങളിലാണ് എസ്. എഫ്. ഐ വ്യക്തമായ മുൻതൂക്കം നേടിയത്. 32 കോളേജുകളിൽ വോട്ടെടുപ്പിന് മുൻപ തന്നെ എസ് എഫ് ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തങ്ങൾ മേധാവിത്വം പുലർത്തിയ കോളേജുകളിൽ കെ എസ് യു എം എസ് എഫ് സഖ്യത്തിന് തിരിച്ചടിയേറ്റിട്ടുണ്ട്. വയനാട് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് കോളേജുകളിൽ മുഴുവൻ സീറ്റുകളിലും എസ് എഫ് ഐ വിജയിച്ചു.കണ്ണൂർ ജില്ലയിൽ 46 കോളേജുകളിൽ 38 ഇടത്ത് എസ് എഫ് ഐ വിജയിച്ചു.

കാസർഗോഡ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 15 കോളേജുകളിൽ 12 സ്ഥലത്തും എസ് എഫ് ഐ വിജയം നേടി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ്, ഇരിട്ടി എം ജി, ഇരിക്കുർ സിബ്ഗ, അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ തുടങ്ങിയ കോളേജുകൾ കെ എസ് യു വിൽ നിന്നും എസ് എഫ് ഐ പിടിച്ചെടുത്തു. കാസർകോഡ് ജില്ലയിലെ കുമ്പള ഐ എച്ച് ആർ ഡി കോളേജ് എബിവിപി യിൽ നിന്നും പെരിയ അംബേദ്കർ കോളേജ് കെ എസ് യു എം എസ് എഫ് സഖ്യത്തിൽ നിന്നും എസ് എഫ് ഐ പിടിച്ചെടുത്തു.പുരോഗമനവിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ കരുത്തറിയിച്ച തിരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം സമ്മാനിച്ച വിദ്യാർത്ഥി സമൂഹത്തെ എസ്. എഫ്. ഐ കണ്ണൂർ ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്തു.