- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാ കപ്പ് വനിതാ ഹോക്കി: ചൈനയെ കീഴടക്കിയ ഇന്ത്യക്ക് വെങ്കലം; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
മസ്‌കറ്റ്: ഏഷ്യാ കപ്പ് വനിതാ ഹോക്കിയിൽ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയ ഇന്ത്യക്ക് വെങ്കലം. ഷർമിളാ ദേവിയും ഗുർജിത് കൗറുമാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ഇന്നലെ നടന്ന സെമി ഫൈനലിൽ നിലവിലെ ജേതാക്കളായ ഇന്ത്യ ദക്ഷിണ കൊറിയയോട് രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടിരുന്നു.
ആദ്യ ക്വാർട്ടറിൽ പതിമൂന്നാം മിനിറ്റിൽ ഷർമിലാ ദേവിയാണ് ഇന്ത്യക്ക് മുൻ ചാമ്പ്യന്മാരായ ചൈനക്കെതിരെ ലീഡ് സമ്മാനിച്ചത്. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ പത്തൊമ്പതാം മിനിറ്റിൽ ഗുർജിത് കൗർ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയർത്തി. പെനൽറ്റി കോർണറിൽ നിന്നായിരുന്നു ഇന്ത്യയുടെ രണ്ട് ഗോളുകളും പിറന്നത്.
ഗോൾ തിരിച്ചടിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ മൂന്നും നാലും ക്വർട്ടറിൽ ഇന്ത്യൻ വനിതകൾ ഫലപ്രദമായി പ്രതിരോധിച്ചതോടെ വെങ്കലത്തിളക്കവുമായി മടങ്ങാൻ ഇന്ത്യക്കായി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മലേഷ്യയെ 9-0ന് തകർത്താണ് ഇന്ത്യ തുടങ്ങിയത്.
എന്നാൽ പൂൾ എയിലെ രണ്ടാം മത്സരത്തിൽ ജപ്പാനോട് ഇന്ത്യ 0-2ന്റെ തോൽവി വഴങ്ങിയ നിർണായക മൂന്നാം മത്സരത്തിൽ സിംഗപ്പൂരിനെ 9-1ന് വീഴ്‌ത്തിയായിരുന്നു ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ സെമിയിൽ പ്രതിരോധത്തിലെ പാളിച്ചകളും പെനൽറ്റി കോർണറുകൾ മുതലെടുക്കാൻ മുന്നേറ്റനിരക്ക് കഴിയാതെ പോയതും ഇന്ത്യക്ക് തിരിച്ചടിയായി.
സ്പോർട്സ് ഡെസ്ക്