- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ മണി ആപ്പ് കമ്പനിയുടെ അവഹേളനത്തിൽ മനം നൊന്ത് ആത്മഹത്യ; അണ്ടലൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു

കണ്ണൂർ: ഓൺലൈൻ മണി ആപ്പ്കമ്പനിയുടെ അവഹേളനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പൂനൈയിലെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട അണ്ടലൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് വെള്ളിയാഴ്‌ച്ച ഉച്ചയോടെ നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്‌കരിച്ചത്.
അണ്ടലൂർ പണിക്കറ മൈതാനിക്കടുത്ത അനിതാലയത്തിൽ അനുഗ്രഹി(22)നെ ഇന്നലെ രാവിലെയാണ് പൂണെ സിൻഹഘട്ട് റോഡിലെ മാണിക്ക് ബാഗിനടുത്ത് താമസിക്കുന്ന മുറിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇതിനടുത്ത നവി പേട്ടിലെ പെട്രോൾ പമ്പിലായിരുന്നു അനുഗ്രഹ് ജോലി ചെയ്തിരുന്നത്. യുവാവ് ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
പൂനൈ കേന്ദ്രീകരിച്ചു ഓൺലൈനായി പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത 8000 രൂപ തിരിച്ചടക്കാത്തതിന്റെ പേരിൽ ഇവരുടെ ആൾക്കാർ അനുഗ്രഹിനെ പല നിലയ്ക്കും ഭീഷണിപ്പെടുത്തി ദ്രോഹിച്ചതായുമാണ് പരാതി. ഏറ്റവും ഒടുവിലായി അനുഗ്രഹിന്റെ മോർഫ് ചെയ്യപ്പെട്ട അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടുവെന്ന് പറയുന്നു.
യുവാവിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇത് ലഭിച്ചിരുന്നതിന്റെ മനോവിഷമത്താൽ അനുഗ്രഹ് ജീവനൊടുക്കിയെന്നാണ് ബന്ധുക്കൾ പൊലിസിന് നൽകിയ പരാതി. സ്ഥലത്തെ മലയാളി സമാജം പ്രവർത്തകരാണ് പൊലീസിൽ ബന്ധപ്പെട്ട് മൃതദേഹം ആശുപത്രിയിലെത്തിച്ച് അനന്തര നടപടികൾക്കായി സഹായിച്ചത്.
അനുഗ്രഹിന്റെ ഫോൺ നവിപേട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അണ്ടലൂരിലെ അനിതാലയത്തിൽ പ്രകാശന്റെയും അനിതയുടെയും മകനാണ് അനുഗ്രഹ്. അണ്ടല്ലൂർ ഉത്സവം നാളെ തുടങ്ങാനിരിക്കെ അതിൽ സജീവമായി പങ്കെടുക്കേണ്ടിയിരുന്ന അനുഗ്രഹിന്റെ മരണം മാതാപിതാക്കൾക്കും ബന്ധുക്കൾക്കും നാടിന് തന്നെ തീരാദുഃഖമായി മാറിയിരിക്കുകയാണ്. വീട്ടുകാരും നാട്ടുകാരും അപ്പുവെന്നു വിളിക്കുന്ന അനുഗ്രഹ് നാട്ടിലെ ഏതുകാര്യത്തിനും മുൻപന്തിയിൽ നിന്നിരുന്ന യുവതലമുറയിലെ പ്രതിനിധികളിലൊരാളായിരുന്നു.


