ഹൈദരാബാദ്: ശൈശവവിവാഹത്തിന് ഇരയായവരോട് കൂടുതൽ പരിഗണന കാണിക്കണമെന്ന് സർക്കാരിനോട് തെലങ്കാന ഹൈക്കോടതി. ഇത്തരം ഇരകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും, നൈപുണ്യ വികസന സൗകര്യങ്ങളും, ആരോഗ്യസൗകര്യങ്ങളും സർക്കാർ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ശൈശവവിവാഹങ്ങളുടെ ഇരകൾക്കായി വിദ്യാഭ്യാസമേഖലയിൽ ചില സംവരണങ്ങൾ ഏർപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞ കോടതി അതിനായി പരിശ്രമിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

ശൈശവ വിവാഹത്തിന്റെ ഇരകളെ സംരക്ഷിക്കാൻ ആരുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശങ്ങൾ. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് അഭിനന്ദ് കുമാർ ഷാവിലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഇരകളുടെ ദുരവസ്ഥ വിവരിച്ച് ഹരജിക്കാർ ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു. കുടുംബാംഗങ്ങൾ തന്നെ ഇരകളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഹരജിയിൽ പറയുന്നു.

ശൈശവവിവാഹത്തിന്റെ ഇരകൾ ന്യൂനപക്ഷമായതിനാൽ തന്നെ ഇവരെ സംരക്ഷിക്കാനായി പ്രത്യേക സ്‌കീമുകളൊന്നും രൂപപ്പെടുത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജിക്കാരുടെ കത്ത് പരിശോധിച്ച ഹൈക്കോടതി ബന്ധപ്പെട്ട അധികൃതരോട് ശൈശവവിവാഹത്തിന് ഇരകളായവരെ പരിപാലിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.

അതേസമയം ഇരകളുടെ ശാക്തീകരണ പരിശീലന പരിപാടികൾക്കായി 'സ്വധാർ ഗൃഹ'ങ്ങളിൽ അഭയം നൽകി സൗകര്യമൊരുക്കുന്നുണ്ടെന്നും, ഇവരുടെ വിദ്യാഭ്യാസത്തിനും, നൈപുണ്യ വികസനത്തിനുമായി കസ്തൂരിഭായ് ബാലിക വിദ്യാലയങ്ങൾ, ദുർഗാഭായ് ദേശ്മുഖ് പോളിടെക്‌നിക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടന്നും വനിതാ ശിശുക്ഷേമ ഡയറക്ടർ കോടതിയിൽ മറുപടി നൽകി.