ന്യൂഡൽഹി: മൂന്ന് മാസത്തിന് മുകളിൽ ഗർഭിണികളായ ഉദ്യോഗാർഥികളെ നിയമിക്കുന്നതിൽ താത്കാലിക വിലക്കേർപ്പെടുത്തിയ വിവാദ ഉത്തരവ് എതിർപ്പ് ഉയർന്നതോടെ പിൻവലിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുവികാരം പരിഗണിച്ച് ഗർഭിണികളായ ഉദ്യോഗാർഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സർക്കുലർ പിൻവലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങൾ തുടരാനും തീരുമാനിച്ചതായി എസ്.ബി.ഐ വ്യക്തമാക്കി.

ഗർഭിണികളെ ജോലിക്കെടുക്കേണ്ടതില്ലെന്ന് തീരുമാനം വിവാദമാവുകയും ഡൽഹി വനിത കമ്മീഷൻ വിഷയത്തിലിടപെടുകയും ചെയ്ത സാഹചര്യത്തിലാണ് എസ്.ബി.ഐ സർക്കുലർ പിൻവലിക്കാൻ തയ്യാറായത്.

ഗർഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാർഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂവെന്ന് നിർദേശിക്കുന്നതായിരുന്നു ചീഫ് ജനറൽ മാനേജർ മേഖലാ ജനറൽ മാനേജർമാർക്ക് അയച്ച സർക്കുലറിൽ പറഞ്ഞിരുന്നത്.

സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന വിമർശനം ഉയർന്നിരുന്നു. സർക്കുലറിനെതിരെ യുവജനസംഘടനകളും രംഗത്തെയിരുന്നു. തീരുമാനത്തിനെതിരെ രംഗത്തെത്തിയ ഡൽഹി വനിതാ കമ്മീഷൻ, സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ബി ഐക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

വിഷയത്തിൽ ഇടപെട്ട ഡൽഹി വനിത കമ്മീഷൻ ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എസ്.ബി.ഐ. തീരുമാനം തുല്യാവകാശത്തിന്റെ നിഷേധമാണെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

എസ്.ബി.ഐ.യിൽ എഴുത്തു പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് നിയമനപ്പട്ടിക തയ്യാറാക്കുന്നത്. ബാങ്കിൽ ക്ലറിക്കൽ കേഡറിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടന്ന 2009-ൽ നിയമനം സംബന്ധിച്ച് വിജ്ഞാപനം വന്നപ്പോഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി.

ഗർഭിണികൾക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്ന എസ് ബി ഐയിൽ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2009 ലാണ് മാറ്റം വന്നത്. ഈ നിയമന വിലക്ക് വീണ്ടും പുനഃസ്ഥാപിക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമാക്കുന്നത്. ശക്തമായ വിമർശനങ്ങൾക്ക് പിന്നാലെയാണ് വിശദീകരണവുമായി എസ് ബി ഐ രംഗത്തെത്തിയത്.