- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹൃദയം' റിലീസ് ചെയ്ത ദിവസം ടെൻഷൻ ആയി; വൈകുന്നേരം വരെ മരവിച്ച അവസ്ഥയിലായിരുന്നു; പടത്തിന്റെ ഇന്റർവെൽ ആയപ്പോൾ നല്ല റിപ്പോർട്ടുകൾ വരാൻ തുടങ്ങി'; തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസൻ
കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കോവിഡിന്റെ ഭീതിയിലും നല്ല റിപ്പോർട്ടുകളാണ് ഹൃദയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും ഏറ്റവും വലിയ മലയാള സിനിമക്കുള്ള ഓപ്പണിങ് റെക്കോർഡ് നേടിയെന്ന വാർത്ത അല്പ സമയം മുന്നേയാണ് പുറത്തുവന്നത്.
എന്നാൽ ചിത്രം റിലീസ് ചെയ്ത ദിവസം താൻ വളരെയധികം ടെൻഷൻ അടിച്ചുവെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. നല്ല റിപ്പോർട്ടുകൾ പുറത്ത് വരാൻ തുടങ്ങിയെങ്കിലും ഉച്ചക്ക് ശേഷം വൈകുന്നേരം വരെ താൻ മരവിച്ച അവസ്ഥയിലായിരുന്നുവെന്നും വിനീത് പറഞ്ഞു. ബിഹൈൻഡ്വുഡ്സ് ഐസ് നടത്തിയ ഹൃദയത്തിന്റെ സഹസംവിധായകർക്കൊപ്പമുള്ള ചർച്ചയിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
'തട്ടത്തിൻ മറയത്ത്' ഇറങ്ങിയപ്പോഴും 'ജേക്കബിന്റെ സ്വർഗരാജ്യം' ഇറങ്ങിയപ്പോഴും ഉണ്ടായിരുന്നതിലും അധികം റെസ്പോൺസാണ് 'ഹൃദയ'ത്തിന് ലഭിച്ചത്. റിലീസ് ദിവസം വീട്ടിൽ തന്നെയായിരുന്നു. വിശാഖിന്റെ (നിർമ്മാതാവ്) ഫോൺ അല്ലാതെ വേറെ ഒരു കോളും ഞാൻ എടുത്തിട്ടില്ല. പിന്നെ പടത്തിന്റെ ഇന്റർവെൽ ആയപ്പോൾ നല്ല റിപ്പോർട്ടുകൾ വരാൻ തുടങ്ങി.
അതിനു ശേഷം ശ്വാസം വീണു. ഉച്ചയ്ക്ക് ശേഷം വൈകുന്നേരം വരെ ഞാനൊരു മരവിപ്പിലായിരുന്നു. ഈ മെസേജെല്ലാം ഒന്നിച്ച് വന്നിട്ട് എന്താ ചെയ്യേണ്ടതെന്ന് മനസിലായില്ല. വീടിന് ചുറ്റുമുള്ള മരങ്ങളൊക്കെ നോക്കിയിട്ട് സ്റ്റക്കായി നിക്കുവായിരുന്നു,' വിനീത് പറഞ്ഞു.
'വൈകുന്നേരം സുജിയാന്റി വിളിച്ചു. അപ്പോഴാണ് സുജിയാന്റീടെ കൂടെ പടം കാണാൻ പോകാമെന്ന് പറഞ്ഞ കാര്യം ആലോചിച്ചത്. അപ്പോൾ തന്നെ പോയി കുളിച്ച് ഇടപ്പള്ളിയിൽ സിനിമക്ക് പോയി,' വിനീത് കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ ചിത്രം ഇപ്പോഴും വലിയ ചർച്ചയാണ്. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ നിരവധി മലയാള ചിത്രങ്ങൾ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവർത്തകർ മുന്നോട്ട് പോവുകയായിരുന്നു.
വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമ്മിച്ചത്. മെറിലാൻഡ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വർഷത്തിന് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.