ഴപെയ്തു തീർന്നാലും മരം പെയ്തുകൊണ്ടിരിക്കും എന്നതുപോലെയാണ് കോവിഡിന്റെ കാര്യം. കോവിഡ് വന്നു ഭേദമായതുകൊണ്ട് മാത്രം ആരും ആശ്വസിക്കേണ്ട, ഒരുപക്ഷെ കൂടുതൽ ഗുരുതരമായ രോഗങ്ങളിലേക്കായിരിക്കാം കോവിഡാനന്തര കാലത്ത് നിങ്ങൾ പോവുക. ദീർഘകാലമായി കോവിഡ് ബാധിച്ചിരുന്നവർക്ക് ശ്വാസകോശത്തിൽ അത്രയെളുപ്പം കണ്ടെത്താനാകാത്ത തകരാറുകൾ ഉണ്ടാകുന്നതായി ബ്രിട്ടനിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി.

ഓക്സ്ഫൊർഡ് ബയോമെഡിക്കൽ റിസർച്ച് സെന്ററിന്റെ സഹായത്തോടെ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ സെനോൺ ഗ്യാസ് സ്‌കാൻ ഉപയോഗിച്ചാണ് ശ്വസകോശത്തിന്റെ വൈകല്യങ്ങൾ പകർത്തിയത്. കോവിഡ് വന്ന് ഭേദമായതിനു ശേഷവും ശ്വാസതടസ്സം അനുഭവിക്കുന്നവരെയായിരുന്നു പഠന വിധേയമാക്കിയത്. നിറമോ, ഗന്ധമോ, രുചിയോ ഇല്ലാത്ത, രാസപരമായി നിർജ്ജീവമായ വാതകം ഉപയോഗിച്ചുള്ള പഠനത്തിൽ ലഭിക്കുക ഏറെ കൃത്യമായ ഫലങ്ങളായിരിക്കും.

സി ടി സ്‌കാൻ പോലുള്ള പരിശോധനകളിൽ എല്ലാം സാധാരണ നിലയിലാണെന്ന് കണ്ടെത്തിയപ്പൊഴും സെനോൺ സ്‌കാനിൽ കണ്ടെത്തിയത് ശ്വാസകോശത്തിൽ നിന്നും വലിയൊരു അളവ് ശുദ്ധീകരിക്കാത്ത വായു രക്തത്തിലേക്ക് കയറ്റിവിടുന്നുണ്ട് എന്നായിരുന്നു. കോവിഡ് വന്ന് ഭേദമായവരിൽ ഉണ്ടാകുന്ന ശ്വാസതടസത്തിന്റെ കാരണം എക്സ് റേ ഉപയോഗിച്ചോ സി ടി സ്‌കാൻ ഉപയോഗിച്ചോ കണ്ടെത്താൻ കഴിയാതെയിരുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നാണ് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം ബ്രിട്ടനിൽ ഏകദേശം 5,06,000 പേർക്കാണ് ഒരുവർഷക്കാലത്തിലേറെ നീണ്ടുനിന്ന കോവിഡ് ഉണ്ടായിട്ടുള്ളത്. ഇവരിൽ പലരുടെയും ശ്വാസകോശത്തിൽ ഇത്തരത്തിലുള്ള വൈകല്യങ്ങൾ രൂപപ്പെട്ടിരിക്കാം. കോവിഡിനു ശേഷമുള്ള ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലേക്ക് ഇത് നീങ്ങാനും ഇടയുണ്ട്. അതായത്, കോവിഡ് വന്ന് ഭേദമായി എന്നതുകൊണ്ടുമാത്രം ആശ്വസിക്കാൻ വകയില്ല എന്നർത്ഥം.

ആന്റിബയോട്ടിക്കുകളെ തോൽപ്പിക്കുന്ന രോഗങ്ങൾ

റോണ്ട വിൻഡ്സർ എന്ന 40 കാരി 2018-ൽ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായത് എൻഡോമെട്രിയോസിസ് എന്ന രോഗവസ്ഥ കാരണമയിരുന്നു. സാധാരണയായി ഗർഭപാത്രത്തിൽ കണ്ടുവരുന്ന ചില കോശകലകൾ ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ വികാസം പ്രാപിക്കുന്നതുമൂലം അസാധാരണമായ വേദനയുണ്ടാകുന്നതാണ് ഈ രോഗാവസ്ഥ. ഈ ശസ്ത്രക്രിയ കഴിഞ്ഞതോടെ റോണ്ടയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നത് വ്യത്യസ്തങ്ങളായ ആരോഗ്യ പ്രശ്നങ്ങളായിരുന്നു.

തന്റെ ചർമ്മ തണുത്തു ഉറയുന്നതും 20 സെക്കന്റുകൾക്കുള്ളിൽ അമിത ചൂടിനാൽ പോള്ളുന്ന അനുഭവം ഉണ്ടായി. ഉടൻ റോണ്ടയുടെ പങ്കാളി ആംബുലൻസ് വിളിച്ച്ആശുപത്രിയിൽ എത്തിച്ചു. മരണകാരണം വരെയായേക്കാവുന്ന ഒരു പ്രത്യേ രോഗാവസ്ഥയിലായിരുന്നു അവർ. ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾ ഏതെങ്കിലും ഒരു അണുബാധയ്ക്കെതിരെ അമിതമായി പ്രതികരിച്ച്, ആരോഗ്യമുള്ള കോശങ്ങളെ കൂടി കൊന്നൊടുക്കുന്ന അവസ്ഥയാണത്.

റോണ്ടയുടെ ശരീരത്തിലെ ബാക്ടീരിയ ബാധ ഇല്ലാതെയാക്കുവാൻ വിവിധ ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും ഒന്നും പൂർണ്ണഫലം കണ്ടില്ല. മറ്റു ചികിത്സകളൊന്നും തന്നെ ഫലം കാണാതെയായപ്പോൾ വീണ്ടും ഇത്തരത്തിലൊരു അവസ്ഥ വന്നു ചേരാതിരിക്കാൻ ജീവിതകലം മുഴുവൻ റോണ്ട ആന്റിബയോട്ടിക്സ് കഴിക്കേണ്ടതായി വന്നേക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല, നിരവധിപേരാണ് ഇത്തരത്തിൽ ആന്റിബയോട്ടിക്കുകളെ നിർവീര്യമാക്കുന്ന രോഗാവസ്ഥകളുമായി ജീവിക്കുന്നത്.

പതിറ്റാണ്ടുകൾക്ക് മുൻപ് അണുബാധ നേരിട്ട് തടയാൻ ആന്റിബയോട്ടിക്കുകൾ പര്യാപ്തമായിരുന്നു. എന്നാൽ, വ്യത്യസ്ത കാരണങ്ങളാൽ കാലം കഴിയും തോറും രോഗകാരികൾക്ക് പരിണാമം സംഭവിക്കുകയും അവ ഈ മരുന്നുകളെ വലിയൊരു അളവു വരെ പ്രതിരോധിക്കുവാനുള്ള ശക്തി ആർജ്ജിക്കുകയും ചെയ്തിരിക്കുന്നു. പ്രതിദിനം ഇത്തരത്തിൽ ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന രോഗങ്ങളുള്ള 135 കേസുകളെങ്കിലും ആശുപത്രികളിൽ എത്തുന്നു എന്നാണ് 2020-ലെ ബ്രിട്ടണിലെ കണക്കുകൾ കാണിക്കുന്നത്. മാത്രമല്ല, ഇത്തരത്തിൽ അന്റിബയോട്ടിക്കുകൾക്ക് നേരെ പ്രതിരോധ ശേഷി കൈവന്ന രോഗാണുക്കൾ മൂലം പ്രതിവർഷം 5000 മരണങ്ങളെങ്കിലും ബ്രിട്ടനിൽ സംഭവിക്കുന്നുണ്ടെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു.

ബാക്ടീരിയ ബാധയ്ക്ക് മാത്രമല്ല ചില ഫംഗസ് ബാധകൾക്കും ഇത്തരത്തിലുള്ള പ്രതിരോധശേഷി കൈവന്നിട്ടുണ്ട്. പ്രത്യേകിച്ചും ശ്വാസകോശങ്ങളെ ബാധിക്കുന്ന ഫംഗസുകൾക്കാണ് പ്രതിരോധ ശേഷി കൂടുതൽ കൈവന്നിരിക്കുന്നത്. മാത്രമല്ല, കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പരാന്നജീവിയായ പേൻ പോലും ഇപ്പോൾ വലിയൊരളവിൽ പ്രതിരോധശേഷി കൈവരിച്ചിരിക്കുന്നു. പേനിനെ സംഹരിക്കുവാനുള്ള പല മരുന്നുകളും ഇപ്പോൾ പൂർണ്ണമായി ഫലിക്കാതായതോടെ പഴയതുപോലെ ചീർപ്പുകൾ ഉപയോഗിച്ചാണ് ഇന്ന് ഏറെപേരും പേനിനെ നീക്കം ചെയ്യുന്നത്.