അഗളി: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടൻ മമ്മൂട്ടിയുടെ ഇടപെടൽ. കുടുംബത്തിന് നിയമസഹായം ഉറപ്പുവരുത്താൻ ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ അഡ്വ നന്ദകുമാറിന്റെ സേവനം ഉറപ്പുവരുത്തും. നീതിക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ പോരാട്ടത്തിൽ ഇവരെ സഹായിക്കാനും ഇവർക്ക് ഉപദേശം നൽകാനും ലീഗൽ അഡൈ്വസർ എന്ന നിലയിലാണ് ഹൈക്കോടതി അഭിഭാഷകന്റെ സേവനം ഉറപ്പുവരുത്തുന്നത്.

കേസിന്റെ പുരോഗതി അടക്കം വിലയിരുത്തി ആവശ്യമായ നിയമ സഹായം നൽകും.  അഭിഭാഷകൻ നാളെ മധുവിന്റെ വീട് സന്ദർശിക്കുമെന്ന് മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന റോബർട്ട് കുര്യാക്കോസ് അറിയിച്ചു. കേസിൽ നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകൻ കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടൻ മമ്മൂക്കയുടെ നിർദ്ദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റോബർട്ട് കുര്യാക്കോസ് പറഞ്ഞു. ഒരു കാലതാമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു നൽകണമെന്ന് മമ്മൂട്ടി തനിക്ക് കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും റോബർട്ട് കുര്യാക്കോസ് ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കേസിൽ നിയോഗിക്കപ്പെട്ടിരുന്ന സർക്കാർ അഭിഭാഷകൻ ഹാജരാകാതിരുന്ന അന്നുതന്നെ നിയമമന്ത്രി പി രാജീവിനെയും മമ്മൂട്ടി ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് മന്ത്രി ഉറപ്പും നൽകി. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി നൽകിയെന്നും റോബർട്ട് പറയുന്നു.

ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവർ അറിയിക്കുകയുണ്ടായി.
തുടർന്ന്, നിയമസഹായം ഭാവിയിൽ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച് അത് ലഭ്യമാക്കാൻ ഉള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.

കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനോ അല്ലെങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം.

മധുവിനു നീതി ഉറപ്പ് വരുത്തുവാൻ.. കേസ് സുഗമായി കൊണ്ടുപോകുവാൻ ആ കുടുംബത്തിനും സർക്കാർ ശ്രമങ്ങൾക്കുമൊപ്പം മമ്മൂട്ടിയുടെ കരുതൽ തുടർന്നും ഉണ്ടാവുമെന്ന് റോബർട്ട് കുര്യാക്കോസ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ,മമ്മൂക്കയുടെ നിർദ്ദേശപ്രകാരം മധുവിന്റെ കുടുംബാന്ഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഒരു കാലതാമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു അദ്ദേഹം എനിക്ക് തന്നിരുന്ന കർശന നിർദ്ദേശം.
സംസ്ഥാന നിയമമന്ത്രി ശ്രീ പി രാജീവിനെയും അദ്ദേഹം അന്ന് തന്നെ ബന്ധപ്പെട്ടിരുന്നു .പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മുക്കക്ക് ഉറപ്പും കൊടുത്തു. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് കൊടുത്തു. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവർ ഞങ്ങളെ അറിയിക്കുകയുണ്ടായി.
തുടർന്ന്, നിയമസഹായം ഭാവിയിൽ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച് അത് ലഭ്യമാക്കാൻ ഉള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനോ അല്ലങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം.
മധുവിനു നീതി ഉറപ്പ് വരുത്തുവാൻ.. കേസ് സുഗമായി കൊണ്ടുപോകുവാൻ ആ കുടുംബത്തിനും സർക്കാർ ശ്രമങ്ങൾക്കുമൊപ്പം മമ്മൂക്കയുടെ കരുതൽ തുടർന്നും ഉണ്ടാവുമെന്ന് എല്ലാവരെയും പോലെ എനിക്കും ഉറപ്പുണ്ട്
(Nb:സർക്കാർ തന്നെ ആണ് കേസ് നടത്തുന്നത്. കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് അദ്ദേഹം ലഭ്യമാക്കുക )

അഭിഭാഷക സഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് നടൻ മമ്മൂട്ടിയുടെ ഓഫീസിൽനിന്ന് ഫോണിൽ അറിയിച്ചതായി മധുവിന്റെ സഹോദരി സരസു നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുമ്പോട്ട് പോകുകയാണ് കുടുംബം. ഇതിനിടെയാണ് പിന്തുണയുമായി മമ്മൂട്ടി എത്തിയത്.

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ചു മധു എന്ന ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി മമ്മൂട്ടി അന്നു തന്നെ രംഗത്തു വന്നിരുന്നു. മധുവിനെ ആദിവാസിയെന്നല്ല അനുജനെന്നാണ് താൻ വിളിക്കുന്നതെന്നും പറഞ്ഞാണ് മമ്മൂട്ടിയുടെ വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിച്ചത്.

മധുവിന്റെ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ശ്രദ്ധയിലേക്ക് കാര്യങ്ങളെത്തിക്കാൻ മറുനാടൻ വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ വൈറലാകുകയും മമ്മൂട്ടി കാണുകയും ചെയ്തിരുന്നു. നിയമ നടപടികളുമായി മുന്നോട്ടു പോകാൻ മധുവിന്റെ കുടുംബ വിഷമിക്കുന്നത് അടക്കം മനസ്സിലാക്കിയാണ് മമ്മൂട്ടി സഹായവുമായി രംഗത്തെത്തിയത്.

മമ്മൂട്ടിയുടെ പഴയ ഫെയ്സ് ബുക്ക് പോസ്റ്റ് പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാവുകയാണ്. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.

ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...-ഇതായിരുന്നു ആ പോസ്റ്റ്. ഈ പോസ്റ്റിലെ ഓർമ്മപ്പെടുത്തലായിരുന്നു കഴിഞ്ഞ ദിവസത്തെ മറുനാടൻ വാർത്ത. പിന്നാലെ നിയമസഹായം ഉറപ്പുവരുത്താനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തു.

സാമ്പത്തിക പ്രശ്നങ്ങളാണ് ഈ കേസിൽ മുമ്പോട്ട് പോകാൻ മധുവിന്റെ കുടുംബത്തിനുള്ള തടസ്സം. ഇത് മനസ്സിലാക്കിയാണ് മമ്മൂട്ടിയുടെ സഹായ വാഗ്ദാനം. കേസിൽ നിലപാട് വ്യക്തമാക്കി സ്പെഷൽ പ്രോസിക്യൂട്ടർ രംഗത്തു വന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാൻ കാരണമെന്ന് അഡ്വ. വി ടി രഘുനാഥ് പറഞ്ഞു. തനിക്കെതിരെ സംശയമുയർന്ന സാഹചര്യത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറായി തുടരുന്നതിൽ താൽപര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു .

മധുവിന്റെ കൊലപാതകത്തിലെ സ്പെഷൽ പ്രോസിക്യൂട്ടർ എവിടേയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുൻ എറണാകുളം സിജെഎം കൂടിയായ വിടി രഘുനാഥ് നയം വ്യക്തമാക്കിയത്. പ്രതികൾ ആവശ്യപ്പെട്ട രേഖകൾ പൊലീസ് കൈമാറാതെ വിസ്താര നടപടികൾ തുടങ്ങാൻ കഴിയില്ല. ആദ്യ കുറ്റപത്രത്തിൽ പഴുതുകൾ ഉണ്ടായിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന മധുവിന്റെ കുടുംബത്തിന്റെ ആവശ്യം യുക്തിസഹമാണ്. ഔദ്യോഗികമായി സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ പൊലീസ് അന്വേഷണത്തെപ്പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അഡ്വ രഘുനാഥ് അറിയിച്ചു. അതേസമയം മധുവിന്റെ ബന്ധുക്കളും ആക്ഷൻ കൗൺസിലും പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് മമ്മൂട്ടിയും കുടുംബത്തെ സഹായിക്കാൻ എത്തുന്നത്.