ന്യൂഡൽഹി: രോഗിയായ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡോക്ടർക്കെതിരേ ഡൽഹി പൊലീസ് കേസെടുത്തു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരേയാണ് യുവതി പരാതി നൽകിയത്.

ജനുവരി 27-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കാലുവേദനുമായാണ് യുവതി ആശുപത്രിയിൽ എത്തിയത്. തുടർന്ന് പരിശോധനയ്ക്കിടെ ഡോക്ടർ മോശമായ രീതിയിൽ പെരുമാറിയെന്നും ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണ് ആരോപണം.

ആദ്യം ചുമലുകളിൽ സ്പർശിച്ചെന്നും പിന്നീട് മോശമായരീതിയിൽ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ യുവതി ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു തുടർന്നാണ് ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് പൊലീസിന്റെ പ്രതികരണം. അന്വേഷണം നടത്തിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ(സെൻട്രൽ ഡിസ്ട്രിക്ട്) ശ്വേത ചൗഹാൻ പറഞ്ഞു.