ലഖ്നൗ: ഉത്തർ പ്രദേശിലെ പ്രധാന മുസ്ലിം രാഷ്ട്രീയ പാർട്ടിയായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ സ്ഥാപക നേതാവ് തൗഖീർ റാസ ഖാന്റെ മരുമകളായിരുന്ന നിദാ ഖാൻ ബിജെപിയിൽ ചേർന്നു. തൗഖീർ റാസ ഖാന്റെ മകൻ ഷീറാൻ റാസ ഖാനാണ് നിദയുടെ മുൻ ഭർത്താവ്. 2015-ൽ വിവാഹിതരായ ഇരുവരുടേയും ദാമ്പത്യബന്ധം ഒരു വർഷം മാത്രമാണ് നീണ്ടത്.

രണ്ടാഴ്‌ച്ച മുമ്പ് തൗഖീർ റാസ ഖാൻ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിദയുടെ ബിജെപി പ്രവേശനം. ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു ഇവരുടെ വിവാഹമോചനം. ഇത് ഉത്തർ പ്രദേശിൽ ഏറെ ചർച്ചയായിരുന്നു. പിന്നീട് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ സജീവമാകുകയായിരുന്നു നിദ.

യുപിയിൽ ബിജെപി ഭരണത്തിന് കീഴിൽ മാത്രമാണ് മുസ്ലിം സ്ത്രീകൾക്ക് സുരക്ഷയുള്ളതെന്നും മുത്തലാഖിനെതിരായ ബിജെപിയുടെ പോരാട്ടമാണ് പാർട്ടിയെ പിന്തുണയ്ക്കുന്നതിൽ നിർണായകമായതെന്നും നിദ ഖാൻ പ്രതികരിച്ചു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും നിദാ ഖാൻ അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ആരംഭിച്ച 'ലഡ്കീ ഹൂ, ലഡ് സക്തി ഹൂ' ക്യാമ്പെയ്ൻ കൊണ്ട് സ്ത്രീകൾക്ക് ഒരു ഗുണവുമില്ലെന്നും നിദ കുറ്റപ്പെടുത്തി.

2001-ലാണ് തൗഖീർ ഖാന്റെ നേതൃത്വത്തിൽ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ രൂപീകൃതമായത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇത്തിഹാദെ മില്ലത്ത് സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരുന്നു.